തുറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് മൈക്രോ ഫിനാൻസ് വായ്പകളെടുത്തവർ വിഷമസന്ധിയിൽ. മൈക്രോ ഫിനാൻസ് സംരംഭങ്ങളിൽ നിന്നും പണം വായ്പ എടുത്തവർക്ക് കോവിഡ് 19 സാഹചര്യത്തിൽപ്പോലും പലിശയിളവോ തിരിച്ചടവിന് ഇളവോ നൽകാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
അയൽക്കൂട്ടം, കുടുംബശ്രീ മുഖേനയും മറ്റും പരസ്പര ജാമ്യത്തിലാണ് പുതുതലമുറ ബാങ്കുകൾ ഉൾപ്പടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിയിരിക്കുന്നത്. ഗ്രൂപ്പടിസ്ഥാനത്തിൽ നൽകിയിട്ടുള്ള വായ്പയിൽ ഒരാൾ തിരിച്ചടവ് മുടക്കിയാൽ ഗ്രൂപ്പിന്റെ മൊത്തം തിരിച്ചടവ് മുടങ്ങും.
എന്നാൽ കോവിഡ് സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഒന്നും ഇത്തരം സ്ഥാപനങ്ങൾ അംഗീകരിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യുന്നില്ലെന്ന് വായ്പയെടുത്തവർ പറയുന്നു. തീരദേശ മേഖലയിൽ ഉൾപ്പടെ മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും മത്സ്യ സംസ്ക്കരണ തൊഴിലാളികളും പ്രതിസന്ധിയിലാണ്.
കൂലിപ്പണിക്കാരായ ഇവരാണ് വായ്പയുടെ ഗുണഭോക്താക്കൾ. ജോലിയില്ലാതായതോടെ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ വിഭാഗം. തിരിച്ചടവ് മുടങ്ങിയാൽ വലിയ പലിശയാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത്.
വായ്പ തിരിച്ചടയ്ക്കാൻ കടുത്ത സമ്മർദ്ദമാണ് നേരിടുന്നതെന്ന് ഇവർ പറയുന്നു. ഗുണഭോക്താക്കളിൽ കൂടുതലും സ്ത്രീകളാണ്. ഇവരെ കുടിശിഖയുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.