കോട്ടയം: ജില്ലയിൽനിന്നും ചിട്ടി, മിനി ബ്ലേഡ് കന്പനികൾ പൊട്ടിച്ചു പണവുമായി മുങ്ങിയത് കോടിക്കണക്കിനു രൂപ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെറുതും വലുതുമായ അഞ്ചു കന്പനികൾ കൊണ്ടുപോയത് 1500 കോടി രൂപയിലധികം വരും.
ഏതാണ്ട് 13 സ്ഥാപനങ്ങളാണു ജില്ലയിൽ പൊട്ടിയിരിക്കുന്നത്. ഇന്റർഗ്രേറ്റഡ്, കുന്നത്തുകളത്തിൽ, ആപ്പിൾ ട്രീ തുടങ്ങി നിരവധി കന്പനികളാണു പണവുമായി മുങ്ങിയവിൽ ഉൾപ്പെടും. ഈ തുക മുഴുവൻ സാധാരണക്കാരിൽനിന്നു പിരിച്ചെടുത്ത തുകയുമാണ്.
മൂന്നു വർഷം മുൻപ് ജില്ലയിൽ പൊട്ടിയ കുന്നത്ത് കളത്തിൽ ചിട്ടിഫണ്ട് കന്പനി തട്ടിപ്പാണ് അടുത്തിടെ ജില്ലയിലുണ്ടായ ഏറ്റവും വലിയ തട്ടിപ്പ്. ഉടമ ജീവനൊടുക്കിയതോടെ നിക്ഷേപകരുടെ പണം പോയത് മിച്ചം.
300 കോടി രൂപയാണ് കുന്നത്ത് കളത്തിൽ ചിട്ടി, ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് പ്രഥമിക വിവരം. കേസിൽ കോടതി നടപടികൾ ആരംഭിച്ചെങ്കിലും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. ഈ കേസിലെ അന്വേഷണവും എങ്ങും എത്തിച്ചേർന്നിട്ടില്ല.
ഉടമ, മക്കൾ, മരുമക്കൾ എന്നിവരെ പ്രതി ചേർത്ത് അറസ്റ്റുചെയ്തെങ്കിലും ഇവർ ജാമ്യത്തിലാണ്. കുന്നത്തുകളത്തിലിന്റെ തട്ടിപ്പിന് ഇരയായത് ആയിരത്തിലധികം നിക്ഷേപകരാണ്. ഇവരിൽ പകുതിയിലധികം ആളുകളും പരാതിയുമായി അന്വേഷണ സംഘത്തെ സമീപിച്ചിട്ടില്ല.
റിസീവറുടെ നേതൃത്വത്തിലാണു കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പിൽ അന്വേഷണം നടക്കുന്നത്. കുന്നത്ത് കളത്തിൽ ജ്വല്ലറിയുടെയും, ചിട്ടി തട്ടിപ്പിന്റെയും കണക്കുകൾ സംബന്ധിച്ചു പരിശോധന നടത്തുന്നതും റിസീവറാണ്.
2018 മേയിലാണ് കുന്നത്ത് കളത്തിൽ ജ്വല്ലറി ഗ്രൂപ്പും ചിട്ടിക്കന്പനിയും പാപ്പർ സ്യൂട്ട് സമർപ്പിച്ചതും പാപ്പരാണ് എന്നു റിപ്പോർട്ട് നൽകിയതും. ഇതിനു ശേഷം സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയായിരുന്നു. ഉടമ പിന്നീട് ജീവനൊടുക്കി.
സോളാർ കേസിന്റെ സമയത്ത് വിവാദമായി മാറിയ ആപ്പിൾ ട്രീ തട്ടിപ്പായിരുന്നു ജില്ലയിലെ വലിയ തട്ടിപ്പുകളിൽ മറ്റൊന്ന്. സംസ്ഥാനത്തെന്പാടും ബ്രാഞ്ചുകളുണ്ടായിരുന്ന ആപ്പിൾ ട്രീ തട്ടിപ്പിൽ 1000 കോടി രൂപയ്ക്കു മുകളിലാണ് ആളുകൾക്കു ഇടപാട്. ഇതിന്റെ പകുതി പോലും യഥാർഥ നിക്ഷേപകർക്കു തിരികെ ലഭിച്ചിട്ടില്ലെന്നു പറയുന്നു.
മധ്യകേരളത്തിൽ മാത്രം നൂറോളം ശാഖകളും ആയിരം കോടിയിലധികം നിക്ഷേപവുമുണ്ടായിരുന്ന ആപ്പിൾ ട്രീ ചിട്ടിക്കന്പനി പൂട്ടിയത് സോളാർ തട്ടിപ്പിനു പിന്നാലെയാണ്. പുതുപ്പള്ളി, ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ആപ്പിൾ ട്രി എന്ന പേരിൽ ഫിനാഷ്യൽ കന്പനി സ്ഥാപിച്ചത്.
സോളാർ കേസ് വന്നതിനു പിന്നാലെ തട്ടിപ്പ് പുറത്തു വന്ന് കന്പനി അടച്ചു പൂട്ടിയെങ്കിലും ഏഴു വർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്കു പണം തിരികെ ലഭിച്ചിട്ടില്ലെന്ന് പറയുന്നു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: കോട്ടയത്തുനിന്ന് പണം നഷ്ടപ്പെട്ട 22 പേർ പരാതി നൽകി
കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ജില്ലയിൽനിന്നും പണം നഷ്ടപ്പെട്ട 22 പേർ പരാതി നൽകി.
ചങ്ങനാശേരി സിഐയ്ക്കാണു ജില്ലയിലെ പരാതി സ്വീകരിച്ചു കോന്നി പോലീസിനു നൽകുന്നതിന്റെ ചുമതല. ഇന്നലെ മണർകാട് സ്വദേശികളായ ആറു പേർ പരാതി നൽകി. 42.5 ലക്ഷം രൂപ നഷ്ടപ്പെട്ടവരും ജില്ലയിലുണ്ടെന്നു ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫി പറഞ്ഞു.