കൊല്ലം: പള്ളിയിൽ നിന്ന് വിധവകൾക്കുള്ള ധനസഹായം അനുവദിച്ചു എന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 7000 രൂപ തട്ടിയെടുത്ത ആളിന്റെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു.
മയ്യനാട് – മുക്കം റോഡിൽ ഗുരുനാഗപ്പൻ കാവിന് സമീപം കാവഴികത്ത് വീട്ടിൽ ശകുന്തളയാണ് തട്ടിപ്പിന് ഇരയായത്.പള്ളിയുടെ പ്രതിനിധി എന്ന് പറഞ്ഞ് ശകുന്തളയുടെ വീട്ടിൽ എത്തിയയാൾ പെൺ മക്കളുള്ള വിധവകൾക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ച കാര്യം പറഞ്ഞു.
രണ്ട് ലക്ഷം രൂപ വീട് വയ്ക്കുന്നതിനും ഒരു ലക്ഷം രൂപ ധനസഹായവുമാണെന്ന് പറഞ്ഞു.തുക ലഭിക്കാൻ അനാഥ മന്ദിരത്തിന് 7000 രൂപ സംഭാവന നൽകി രസീത് നൽകണമെന്നും ശകുന്തളയോട് പറഞ്ഞു.
ധനസഹായത്തിന് അപേക്ഷ നൽകിയിട്ടില്ലന്ന് പറഞ്ഞപ്പോൾ പള്ളിയിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേരുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
അങ്ങനെ ശകുന്തള അയൽക്കാരിൽ നിന്ന് 3000 രൂപയും വാങ്ങി എടിഎമ്മിൽ നിന്ന് 4000 രൂപയും പിൻവലിച്ച് ഇയാൾക്ക് നൽകി.
രണ്ട് മണിക്കൂർ കഴിഞ്ഞ് തിരികെ എത്തുമെന്ന് പറഞ്ഞ ഇയാൾ പിന്നീട് വന്നില്ല. സംശയം തോന്നിയ വീട്ടമ്മ മയ്യനാട്ടുള്ള പള്ളിയിൽ അന്വേഷിച്ചപ്പോഴാണ് സംഗതി തട്ടിപ്പാണന്ന് മനസിലായത്.
തുടർന്ന് ശകുന്തള ഇരവിപുരം പോലീസിൽ പരാതി നൽകി. പാന്റും ഷർട്ടും ധരിച്ച സുമുഖനായ യുവാവാണ് ഇവരുടെ വീട്ടിൽ എത്തിയത്.
അവിടെ ചെല്ലുന്നതിന് മുമ്പ് ഇയാൾ സമീപത്തെ കടയിൽ നിന്ന് ശകുന്തളയുടെ വീട്ടുകാര്യങ്ങൾ വിശദമായി അന്വേഷിച്ചതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.