മുംബൈ: പൂനെയിൽ ജ്വല്ലറി ഉടമയെ വെടിവച്ച് പരിക്കേൽപ്പിച്ചതിന് ശേഷം യുവാവ് വെടിവച്ച് ജീവനൊടുക്കി. ഔന്ദ് പ്രദേശത്തെ ഒരു ഹോട്ടലിന് സമീപമാണ് സംഭവം.
സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണം. ആകാശ് ജാദവ് (39) എന്നയാൾക്കാണ് പരിക്കേറ്റത്. അനിൽ ധമലെ എന്നയാളാണ് വെടിവച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ആകാശ് ജാദവിന്റെ ഉടമസ്ഥതയിലുള്ള ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു ധമലെ. ശനിയാഴ്ച വൈകുന്നേരം, ധമലെ, ജാദവിനെ കാപ്പി കുടിക്കാൻ വിളിച്ച് അടുത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി.
അവർ ഹോട്ടലിന് സമീപമെത്തിയപ്പോൾ കൈയിലിരുന്ന പിസ്റ്റൾ എടുത്ത് ധമലെ, ജാദവിനെ വെടിവച്ചതിനു ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയ ധമലെ ഔന്ദ് ചൗക്കിന് സമീപത്തുവച്ച് തലയിൽ സ്വയം വെടിവച്ച് ജീവനൊടുക്കി.
ചതുശൃംഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.