പണമിടപാടിനു പരിധി
ശനിയാഴ്ച മുതൽ പ്രതിദിന പണമിടപാടിനു രണ്ടു ലക്ഷം രൂപ പരിധി ഉണ്ട്. ബജറ്റിൽ മൂന്നു ലക്ഷം പറഞ്ഞതു പിന്നീട് രണ്ടു ലക്ഷമായി കുറച്ചു. വ്യവസ്ഥ ലംഘിച്ചാൽ ഇടപാടു തുകയോളം പിഴ ഈടാക്കും. ഒരു ദിവസം ഒരു കാര്യത്തിനായുള്ള ഇടപാടിനാണു പരിധി. കൂടുതൽ തുകയ്ക്കുള്ള ഇടപാടിന് അക്കൗണ്ട് പേയീ ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ ഉപയോഗിക്കാം.
എസ്ബിടി ഇനിയില്ല
ശനിയാഴ്ച മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ നിലവിലില്ല. എസ്ബിടി ശാഖകളും ഓഫീസുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളാകും. ഇടപാടുകാർ പ്രത്യേകമായി ഒന്നും ശ്രദ്ധിക്കേണ്ടതില്ല. പതിവുപോലെ ഇടപാടുകൾ തുടരാം. പുതിയ എടിഎം കാർഡും ചെക്ക് ബുക്കും പാസ് ബുക്കും എത്തുംവരെ പഴയവ ഉപയോഗിക്കാം. പുതിയവ മൂന്നു മാസത്തിനകം എത്തും. ക്രമേണ ചില ശാഖകൾ നിർത്തലാക്കുന്പോൾ അടുത്ത ശാഖയിലേക്ക് ഇടപാട് മാറും. നിക്ഷേപ പലിശയിലോ വായ്പാ പലിശയിലോ മാറ്റമില്ല. അക്കൗണ്ട് നന്പരിലും ഐഎഫ്എസ്സി കോഡിലും മാറ്റമില്ല.
നികുതി കുറയും
ശനിയാഴ്ച മുതലുള്ള വരുമാനത്തിന് ആദായ നികുതി കുറയും. 2.5 ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനമായിരുന്ന ആദായനികുതി അഞ്ചു ശതമാനമാക്കി. ഒപ്പം മൂന്നരലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് മുൻ വർഷമനുവദിച്ച ടാക്സ് റിബേറ്റ് 5000 രൂപയിൽനിന്ന് 2500 രൂപയായി കുറച്ചു. തന്മൂലം 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്കു നികുതി നൽകേണ്ട. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി പകുതിയാകും. കൂടുതൽ വരുമാനമുള്ളവർക്കു 12500 രൂപവരെ നികുതി കുറയും.
പുതിയ സർചാർജ്
50 ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ വരുമാനമുള്ളവർക്ക് നികുതിയുടെ പത്തു ശതമാനം സർചാർജ് ചുമത്തി. ഒരു കോടിക്കു മുകളിലുള്ളവരുടെ 15 ശതമാനം സർചാർജ് തുടരും.
ഒരു പേജിൽ റിട്ടേൺ
50 ലക്ഷം രൂപ വരെ ശന്പള വരുമാനമുള്ളവർക്ക് ഇനി ഒരു പേജിലുള്ള ലളിതമായ ആദായ നികുതി റിട്ടേൺ ഫോം. അഞ്ചു ലക്ഷം വരെ എന്ന ബജറ്റ് വാഗ്ദാനമാണു വിപുലമാക്കിയത്. ശന്പളത്തിനു പുറമേ ഒരു കെട്ടിടത്തിന്റെ വാടകവരുമാനമേ ഉണ്ടാകാവൂ. റിട്ടേൺ യഥാസമയം നൽകിയില്ലെങ്കിൽ 10000 രൂപ വരെപിഴ.
പഞ്ചവത്സരം മാറി, ത്രിവത്സരമായി
ആസൂത്രണ കമ്മീഷൻ നിർത്തലാക്കിയതോടെ പഞ്ചവത്സര പദ്ധതികൾ അവസാനിച്ചു. 12ാം പദ്ധതി ഇന്നു പൂർത്തിയാകും. കമ്മീഷനു പകരംവന്ന നീതി ആയോഗ് ത്രിവത്സര കർമ പരിപാടി നാളെ മുതൽ നടപ്പാക്കും. സമയബന്ധിതമാകും പരിപാടി. ഓരോ ഘട്ടവും പൂർത്തീകരിച്ചിട്ടേ അടുത്തതിനു പണം അനുവദിക്കൂ.
ഇനി ബിഎസ് 4 മാത്രം
മലിനീകരണ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തു ബിഎസ്4 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങളേ വില്ക്കാവൂ എന്ന ചട്ടം നാളെ പ്രാബല്യത്തിലാകുന്നു. ബിഎസ്3 ലുള്ള എട്ടരലക്ഷത്തോളം വാഹനങ്ങൾ വില്ക്കാതെ ശേഷിക്കുന്നുണ്ട്. ഇന്നുവരെ വിറ്റ ബിഎസ് 3 വാഹനങ്ങൾ ഏപ്രിലിൽ രജിസ്റ്റർ ചെയ്യാം.
ഇന്ധനവില കുറയും, ഇൻഷ്വറൻസ് കൂടും
പുതിയ ധനകാര്യവർഷം വാഹന ഉടമകൾക്ക് ആശ്വാസവും ഒപ്പം ഭാരവും നല്കും. പെട്രോൾ, ഡീസൽ വിലകൾ കുറയും. വിദേശത്തു ഡീസൽ വില പത്തും പെട്രോൾ വില അഞ്ചരയും ശതമാനം കുറഞ്ഞു. പെട്രോൾ ലിറ്ററിനു രണ്ടും ഡീസലിനു മൂന്നും രൂപ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.ഇതേസമയം, തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം കൂടും. ചെറുവാഹനങ്ങൾക്കു വർധനയില്ല. സാധാരണ വാഹന ഇൻഷ്വറൻസ് നിരക്ക് അഞ്ചു ശതമാനം വരെ കൂടും.
റെയിൽവേയിൽ വികല്പ്
സാധാരണ മെയിൽ/എക്സ്പ്രസ്/ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളിൽ സീറ്റ് ബുക്കു ചെയ്ത് വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് പ്രീമിയം ട്രെയിനുകളിൽ അധികച്ചെലവില്ലാതെ പോകാനുള്ള വഴിയാണിത്. ബുക്കിംഗ് സമയത്ത് വികല്പിൽ താൽപര്യമുണ്ടെന്നറിയിക്കണം. രാജധാനിയിലോ ശതാബ്ദിയിലോ സീറ്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് എസ്എംഎസ് വരും. അധികച്ചെലവില്ലാതെ അതിൽ പോകാം. തരംതാണ ട്രെയിനിലാണു സീറ്റ് കിട്ടുന്നതെങ്കിൽ അധികചാർജ് മടക്കിത്തരികയുമില്ല. തുടക്കത്തിൽ ഓൺലൈൻ ബുക്കിംഗിലേ ഇതനുവദിക്കൂ. പിന്നീട് കൗണ്ടറിലും കിട്ടും.
എസ്ബിഐയിൽ അധിക ചാർജ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് വ്യവസ്ഥ പുനഃസ്ഥാപിക്കുന്നു. സേവിംഗ്സ് ബാങ്കിൽ മിനിമം തുക ബാലൻസില്ലെങ്കിൽ 20 രൂപ മുതൽ 100 രൂപ വരെ പിഴ. കറന്റ് അക്കൗണ്ടിൽ പിഴ 500 രൂപയാകും. മറ്റു ഫീസുകളും കൂടും. എടിഎം ഇടപാടുകൾക്കു ചാർജ് വരും. 25000 രൂപ ബാലൻസുള്ളവർക്കു ക്രെഡിറ്റ് കാർഡ് ആവശ്യപ്പെടാതെ തന്നെ നൽകും. – See more at: