സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് കേസ് അന്വേഷണം പാതിവഴിയില്‍ നില്‍ക്കവെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ഫിന്‍സിയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പില്‍ ഞെട്ടി പോലീസ്. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം 20 കോടിരൂപയോളം തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം.
മറ്റു ജില്ലകളിലെത് കൂടി കണക്കിലെടുത്താന് 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. വന്‍ തുക ലാഭം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് മുങ്ങുന്നത് സംസ്ഥാനത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
എന്നിട്ടും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ അനുദിനം ഇരകളാവുകയാണെന്ന് കേസന്വേഷിക്കുന്ന ഇന്‍സ്പക്ടര്‍മാര്‍ അറിയിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ മാത്രം ഇതുവരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്പക്ടര്‍ പി.കെ.പത്മരാജന് അറിയിച്ചു.
14 കോടി രൂപയോളം ഇവിടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. ഇതുവരെ ലഭിച്ചതു 1934 പരാതികളാണ് . കോഴിക്കോട് 116 നിക്ഷേപകരെയാണ് ഫിന്‍സിയര്‍ കബളിപ്പിച്ചത്. 47 ലക്ഷം രൂപയോളം കോഴിക്കോട്ടെ നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ട്.
തൃശൂര്‍ വെസ്റ്റ് പോലീസില്‍ 19 പരാതികളാണ് ലഭിച്ചത്. ഫിന്സിയറിന്റെ സബ് ഓഫീസാണ് തൃശൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും കേസുകളുണ്ട്. ഇതുള്‍പ്പെടെ സംസ്ഥാനത്ത് ഫിന്‍സിയര്‍ 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തില്‍ ഡയറക്ടര്‍മാരായ എസ്.എന്‍.പുരം അഞ്ചങ്ങാടി കൊണ്ടിയാറ വീട്ടില്‍ ബിനു (49), കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഇല്ലത്തു പറമ്പില്‍ മുരളീധരന് (53), എസ്.എന്‍.പുരം തേര്‍പുരക്കല്‍ സുധീര്‍ കുമാര്‍ (53) എന്നിവരെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കോഴിക്കോടും ശാഖകളുള്ള ഫിന്‍സിയര്‍ ഫിന്‍കോര്‍പ് എന്ന സ്ഥാപനം 2010ലാണ് കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ആരംഭിച്ചത്.
അഞ്ചുവര്‍ഷം സ്ഥിര നിക്ഷേപം നടത്തിയാല്‍ കാലാവധി പൂര്‍ത്തിയായാല്‍ ഇരട്ടി തുക ലഭിക്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം. 20 വര്‍ഷം നീണ്ടു നില്ക്കുന്ന വലിയ ചിട്ടികളും കമ്പനി നടത്തിയിരുന്നു. ഇടപാടുകാര്‍ക്കു പണം തിരികെ നല്കാന് കഴിയാതായതോടെ നിക്ഷേപകര്‍ ഓഫിസില്‍ നേരിട്ടെത്തുകയായിരുന്നു.
ആത്മഹത്യാ ഭീഷണിവരെ മുഴക്കിയതോടെ കഴിഞ്ഞ നവംബര്‍ 30ന് കമ്പനി അടച്ചു പൂട്ടി. ഇതോടെയാണ് പരാതിയുമായി ആളുകള്‍ പോലീസില്‍ എത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.