കോഴിക്കോട്: ഇത് ഓഫറുകളുടെ കാലമാണ്… പുതുവല്സരമൊക്കെയല്ലേ… കാമറ പിടിച്ച നിയമലംഘനങ്ങള്‍ക്കും ഓഫര്‍ നല്‍കിയിരിക്കുകയാണ് ഒരു സംസ്ഥാനം. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾക്കാണ് നിയമലംഘനങ്ങൾക്കുള്ള നോട്ടീസ് ലഭിക്കുന്നത്. നോട്ടീസ് നൽകുന്നതല്ലാതെ പിഴയൊടുക്കാൻ മിക്കവരും തയeറാകാതെ വന്നതോടെ ഓഫറുമായി ഇറങ്ങിയിരിക്കുകയാണ് തെലങ്കാന. തീർപ്പാക്കാത്ത രണ്ട് കോടി ട്രാഫിക് ചലാനുകൾ കെട്ടികിടന്നതിനെ തുടർന്നാണ് തെലങ്കാന സർക്കാർ ഓഫറുമായി ഇറങ്ങിയത്.
ചലാനുകൾക്ക് കിഴിവ് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ചലാനുകളിൽ 60 മുതൽ 90 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് 26 മുതൽ ജനുവരി 10 വരെയാണ് സമയം നൽകിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം ഉന്തുവണ്ടി ഉടമകൾക്ക് 90 ശതമാനം ഇളവ് നൽകും. അതായത് ചലാൻ തുകയുടെ 10 ശതമാനം മാത്രം അടച്ചാൽ പിഴ ഒഴിവാക്കപ്പെടും. ഇതെ ഓഫറാണ് ടിഎസ് ആർടിസി ഡ്രൈവർമാർക്കും നൽകിയിരിക്കുന്നത്.ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ചലാൻ തുകയുടെ 80 ശതമാനം സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. കാറുകൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ട്രക്കുകൾക്കും ഹെവി മോട്ടോർ വാഹനങ്ങൾക്കും 60 ശതമാനമാണ് ഇളവ്. കേരളത്തില്‍ ഈ ഉത്തരവ് എന്നുവരുമെന്നാണ് വാഹന ഉടമകളുടെ ചോദ്യം.