ദരിദ്ര കുടുംബങ്ങള്ക്കു സര്ക്കാര് നല്കുന്ന സൗജന്യ റേഷന് അനര്ഹമായി വര്ഷങ്ങളോളം വാങ്ങി ഉപയോഗിച്ചവരുടെ കണക്കുകള് ഞെട്ടിക്കുന്നത്.
സര്ക്കാര് വകുപ്പുകളില് ഉയര്ന്ന തസ്തികയില് നിന്നു വിരമിച്ച,1500ല് പരം ചതുരശ്ര അടിയിലേറെയുള്ള വീട്ടില് താമസിക്കുന്ന ആഡംബരകാറുള്ളവര് വരെ റേഷന് കടയ്ക്കു മുമ്പില് ക്യൂ നില്ക്കുന്നു.
വര്ഷങ്ങളായി റേഷന്കടയില് നിന്നു കൈപ്പറ്റുന്നത് നിര്ധനര്ക്കുള്ള സൗജന്യ റേഷന്. മുന്ഗണനാ വിഭാഗം റേഷന് കാര്ഡ് അനര്ഹമായി കൈവശം വച്ചു ധാന്യങ്ങള് കൈപ്പറ്റിയിരുന്നവരെ ഭക്ഷ്യവകുപ്പ് പുകച്ചു പുറത്തുചാടിച്ചപ്പോള് കഴിഞ്ഞ ഒരു വര്ഷത്തിനിടെ പിടിക്കപ്പെട്ടത് 6884 അനര്ഹര്.
ഇതില് സര്ക്കാര് ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ബിസിനസുകാരും വരെ ഉള്പ്പെടുന്നു.
ഇതില് പലരും അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാര്ഡ് കൈവശം വച്ചതു വര്ഷങ്ങളോളം. തങ്ങള് അനര്ഹരാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരില് പലരുടെയും വിശദീകരണം.
അനര്ഹമായി മുന്ഗണനാ വിഭാഗം കാര്ഡ് കൈവശംവച്ചു കൈപ്പറ്റിയ ധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കാന് ഭക്ഷ്യവകുപ്പ് നടപടിയെടുത്തിരുന്നു.
ഒരു വര്ഷത്തിനുള്ളില് തൃശൂര് ജില്ലയില് മാത്രം പിഴയായി ലഭിച്ചത് 11.18 ലക്ഷം രൂപയാണ് മുന്ഗണനാ വിഭാഗം പട്ടികയില് നിന്നു സ്വയമൊഴിയാനും പിഴകൂടാതെ ഒഴിവാകാനുമൊക്കെ അവസരം നല്കിയ ശേഷമാണു പിഴയീടാക്കിയതെന്നോര്ക്കണം.
അനര്ഹരെ ഒഴിവാക്കിയ ശേഷം അര്ഹരായ 27,011 പേരെ മുന്ഗണനാ വിഭാഗത്തില് ഉള്പ്പെടുത്തുകയും ചെയ്തു.