പുറത്തുപോകുന്പോൾ സ്ത്രീകൾ കൈയിൽ ഒരു ഹാൻഡ് ബാഗ് കരുതുന്നത് പതിവാണ്. നൂറു രൂപ മുതൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഹാൻഡ് ബാഗുകൾ ഇപ്പോൾ വിപണിയിലുണ്ട്. പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന പാരീസ് ഫാഷൻ വീക്കിൽ ഒരു മോഡലിന്റെ കൈയിലിരുന്ന ഹാൻഡ് ബാഗാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.
ഫ്രഞ്ച് ബ്രാൻഡായ ജാക്വെമെസ് പുറത്തിറക്കിയ ഈ ബാഗിന് ആകെ ഒരു കൈവിരലിന്റെ അത്ര വലുപ്പമേയുള്ളു. പാരീസ് ഫാഷൻ വീക്കിലെ ഏറ്റവും വലിയ താരം ഈ കുഞ്ഞൻ ബാഗാണ്. ഫിംഗർ ബാഗ് എന്നു പേരുകിട്ടിയ ഈ ബാഗിന്റെ നീളം വെറും 5.2 സെന്റീമീറ്റർ ആണ്.
കൂടിപ്പോയാൽ കുറച്ച് അരിമണികൾ സൂക്ഷിക്കാം എന്ന് സോഷ്യൽമീഡിയയിൽ പഴികേട്ട ഈ ബാഗിന്റെ വില എത്രയാണെന്നോ, 500 അമേരിക്കൻ ഡോളർ. അതായത് ഏകദേശം 35,000 ഇന്ത്യൻ രൂപ. സൂപ്പർ മോഡലുകളും സെലിബ്രിറ്റികളുമായ റിഹാനയും കിം കർദാഷിയനുമാണ് ഇത്തരം ബാഗുകളുമായി റാംപിൽ എത്തിയത്.