ചാലക്കുടി: നിക്ഷേപകരിൽനിന്നും കോടികൾ തട്ടിയെടുത്ത ഫിനോമിനൽ നടത്തിപ്പുകാരിൽ ഒരാൾകൂടി ഇന്ന് അറസ്റ്റിലായി. നേരത്തെ കസ്റ്റഡിയിലെടുത്ത ഡയറക്ടറായ ചാലക്കുടി സ്വദേശി ചെങ്ങിനിമറ്റം തോമസിനെയാണ് (65) ഇന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം കല്ലേറ്റുങ്കര മുത്തിരത്തിപറന്പിൽ ഷംസീറി(54)നെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റുചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു.
പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷംസീർ വാട്ടർ അഥോറിറ്റിയിൽ ജീവനക്കാരനായിരുന്നു. അവിടെനിന്നും വിആർഎസ് എടുത്ത് ഫിനോമിനലിൽ കമ്മീഷൻ ഏജന്റായി. പിന്നീട് ഡയറക്ടർ ബോർഡ് മെന്പറായി. രണ്ടുലക്ഷത്തോളം രൂപയാണ് ഇയാൾ ശന്പളമായി എടുത്തിരുന്നതെന്നു പോലീസ് ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചു. ബോർഡ് അംഗങ്ങൾക്കു വർഷത്തിൽ രണ്ടുതവണ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിലേക്കു കന്പനി ചെലവിൽ ടൂറുകളും ഉണ്ടായിരുന്നു. ആഡംബര കാറുകൾ, കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലമതിക്കുന്ന വീടുകൾ തുടങ്ങിയവ നടത്തിപ്പുകാർ സ്വന്തമാക്കിയിരുന്നു.
സൗത്ത് ജംഗ്ഷനിലുള്ള ഹെഡ് ഓഫീസ് ഏഴുകോടിയോളം രൂപയ്ക്കു വില്പന നടത്തിയിരിക്കയാണ്. കെട്ടിടത്തിന്റെ വിൽപന തടസപ്പെടുത്താതിരിക്കാൻ ഇതിൽനിന്നും ലഭിക്കുന്ന തുക നിക്ഷേപകർക്കു നൽകാമെന്നു കന്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ തുകയും നിക്ഷേപകർക്കു നൽകാതെ വീതിച്ചെടുക്കാനായിരുന്നു പരിപാടി. ഡയറക്ടർമാ രുടെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞ് ആയിരക്കണക്കിനു പരാതികളാണ് ചാലക്കുടി സ്റ്റേഷനിൽ ലഭിച്ചത്. ഇപ്പോഴും പരാതിക്കാർ എത്തിക്കൊണ്ടിരിക്കുകയാണെന്ന് എസ്ഐ പറഞ്ഞു.
ഡിവൈഎസ്പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ കെ.കെ.ബാബു, എഎസ്ഐമാരായ ഷാജു എടത്താടൻ, ക്ലീസൻ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.ടി.ബൈജു, പോലീസുകാരായ പി.സി.ഷിജോ, കെ.പ്രവീണ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഫിനോമിനൽ ഗ്രൂപ്പ് കേരളത്തിൽ മാത്രം 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുംബൈ ആസ്ഥാനമായി 1990ൽ ആരംഭിച്ച ഹൗസിംഗ് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പിന്റെ തുടക്കം. നിക്ഷേപകരിൽനിന്നും സ്വീകരിക്കുന്ന പണം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ച് ലാഭവിഹിതം നൽകുമെന്നായിരുന്നു വാഗ്ദാനം. പേരാന്പ്രയിൽ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ തുടങ്ങുമെന്നു പരസ്യം നൽകിയും നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. ഇവിടെ നിക്ഷേപകർക്കു സൗജന്യ ചികിത്സയും, വർഷംതോറും 30,000 രൂപയുടെ മെഡി ക്ലെയിം ഇൻഷ്വറൻസ് പരിരക്ഷയും വാഗ്ദാനം നൽകിയിരുന്നു.
ആദ്യനാളുകളിൽ ആഡംബര ഹോട്ടലുകളിൽ ആർഭാട പൂർണമായ ക്ലാസുകൾ നടത്തി നാനാതുറയിൽനിന്നും ഏജന്റുമാരെ ആകർഷിച്ചു. ഇവർക്ക് ആകർഷകമായ കമ്മീഷൻ വാഗ്ദാനങ്ങളും നൽകി. ഫിനോമിനൽ ഹൗസിംഗ് ഫിനാൻസ്, ഫിനോമിനൽ ഇൻഡസ്ട്രീയൽസ്, ഫിനോമിനൽ ഹെൽത്ത് കെയർ, ഫിനോമിനൽ ഹെൽത്ത് കെയർ മലയാളി, എസ്എൻകെ ഗ്രൂപ്പ്, എസ്എൻകെ ഗ്രൂപ്പ് ഓഫ് കന്പനീസ് മുംബൈ എന്നിങ്ങനെ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകൾ നടന്നതായി സൂചനയുണ്ട്.