തിരുവനന്തപുരം: തമിഴ്നാട്ടില്‍ ദുരിതം വിതച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയെങ്കിലും ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്തമഴയെത്തുടർന്ന് കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലെ അംഗൻവാടി, പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ബുധനാഴ്ച വരെ നിരോധിച്ചു.