ബർലിൻ: നൂറിന്റെ നിറവിലെത്തിയ ഗേഹാർഡ് ഫിങ്കെ എന്ന ജർമൻകാരനായ ചിത്രകാരൻ വധുവിനെ തേടുന്നു. എന്നാൽ വധുവിന് തൊണ്ണൂറു വയസു വേണമെന്ന നിർബന്ധം ഫിങ്കിനുണ്ട്. അതുമല്ല നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. വധുവിനെ തേടിയുള്ള പരസ്യത്തിൽ ഫിങ്ക് ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫിങ്കെ തന്റെ നൂറാം ജൻമദിനം ആഘോഷിച്ചത്. ബർലിനടുത്തുള്ള ഹാളൻസീയിൽ 70 സ്ക്വയർ മീറ്റർ ഫ്ളാറ്റിലാണ് ഫിങ്കെയുടെ ഇപ്പോഴത്തെ താമസം. നീഡർറൈനിലെ വേസലിൽ നിന്നും 2014 ലാണ് ഫിങ്കെ ഇങ്ങോട്ട് താമസം മാറ്റിയത്. ഭാര്യയ്ക്കൊപ്പം കുറെക്കാലം പോർച്ചുഗലിലും ഫിങ്കെ താമസിച്ചിരുന്നു.
2008 ൽ ഭാര്യ മരിച്ച ഫിങ്കെയുടെ ഏകാന്തവാസം മുഷിപ്പിക്കുന്നതായതിനാലാണ് പങ്കാളിയെ തേടുന്നത്. എന്നാൽ മൂന്നു മക്കളും പേരക്കുട്ടികളും ഉള്ള ഫിങ്കെയുടെ ജീവിതത്തിലേയ്ക്ക് മൂന്നു പേർ പങ്കാളികാൻ തയാറായി എത്തിയെങ്കിലും ആരുംതന്നെ അധികകാലം കൂടെക്കഴിയാൻ മെനക്കെട്ടില്ല. എല്ലാവരും ഓരോരോ കാരണങ്ങൾ പറഞ്ഞ് മുങ്ങിയെന്നു ഫിങ്ക് സാക്ഷ്യം പറഞ്ഞു. എന്നാലിപ്പോൾ ഫിങ്കെയുടെ ഏകാന്തതയ്ക്ക് അറുതിവരുത്താൽ ജർമൻ മാധ്യമങ്ങൾ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.