കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ പേസർ വെർനോണ്‍ ഫിലാൻഡറെ അസഭ്യം പറഞ്ഞ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്കെതിരേ ഐസിസി നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായിരുന്നു വിവാദ സംഭവം. 51 പന്ത് നേരിട്ട ഫിലാൻഡർ എട്ട് റണ്‍സുമായി വൻ പ്രതിരോധമാണ് ക്രീസിൽ സൃഷ്ടിച്ചത്.
ബട്ലറിന്റെ അസഭ്യവർഷം സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തു. ഇതിനെതിരേ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയിൻ ഉൾപ്പെടെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ബട്ലറുടെ അസഭ്യവർഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഐസിസി നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
വെർനോണ്‍ ഫിലാൻഡറിന്റെ ഹോം ഗ്രൗണ്ടാണ് കേപ് ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് മൈതാനം. ഇംഗ്ലണ്ടിനെതിരായ പരന്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഫിലാൻഡർക്ക് ഹോം ഗ്രൗണ്ടിൽ വികാരനിർഭരമായ വിടവാങ്ങലാണ് നല്‍കിയത്. മത്സരശേഷം ഫിലാൻഡർ ഭാര്യ മാൻഡി ഹ്യൂഡ്സണും മകനുമൊപ്പം സ്റ്റേഡിയം വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്തു.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് 189 റണ്‍സിന് വിജയിച്ചു. ഇതോടെ നാല് മത്സര പരന്പര 1-1ൽ എത്തി. ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആണ് മാൻ ഓഫ് ദ മാച്ച് ആയത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക 107 റണ്‍സിന് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് 16ന് പോർട്ട് എലിസബത്തിൽ ആരംഭിക്കും.