സ്വന്തം ലേഖകൻ
കണ്ണൂര്‍: നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43)ന്റെ മരണം കൊലപാതകമെന്നു സൂചന. ദൂരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്, ചക്കരക്കല്‍ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഇക്കഴിഞ്ഞ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അന്നേ ദിവസം തന്നെ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വഭാവിക മരണമല്ലെന്ന് വ്യക്തമായത്. ദേഹത്ത് മുറിപ്പാടോ മറ്റോ കാണാത്തതിനാല്‍ ആദ്യം കുഴഞ്ഞുവീണതാകാം എന്നാണ് സംശയിച്ചത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ഫിനോജിന്റെ കഴുത്തില്‍ ആരോ ഞെരിച്ചതിന്റെ ലക്ഷണം കണ്ടത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. എസ് ഗോപാലകൃഷ്ണപിള്ള കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണം ഉള്ളതായി വ്യക്തമാക്കുകയും ചെയ്തു.
ഇതോടെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപെടുത്തിയതാണെന്ന സംശയം ബലപെടുകയാണ്. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച മൃതദ്ദേഹം കിടന്ന സ്ഥലം ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
സംഭവ സ്ഥലം സന്ദര്‍ശിച്ചപ്പോഴും കൊലപാതകത്തിന്റെ സൂചനയാണ് അദ്ദേഹം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഇതിനകം തന്നെ പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. എങ്കിലും ഇതിനു പിന്നില്‍ ആരാണെന്നുള്ള വ്യക്തമായ സൂചന ഇതുവരെ പോലീസിന് ലഭിച്ചില്ല. കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസും.
ഇതിനിടെ സംഭവ സമയത്തോ, അതിനു ശേഷമോ പോലീസോ നാട്ടുകാരോ കാണാതിരുന്ന ഫിനോജിന്റെ ബൈക്കിന്റെ ചാവി പിന്നീട് അവിടെനിന്ന് കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. ചാവി പിന്നീട് ആരോ അവിടെ കൊണ്ടുവച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ രാഷ്ട്രീയമായോ മറ്റോ ഫിനോജിന് നാട്ടിലോ മറ്റോ ശത്രുകളില്ലെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെ കൃഷിയും ചിട്ടി സംഘവും നടത്തുന്ന 20 അംഗം ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമാണ് ഫിനോജ് എന്നു പറയുന്നു. കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ഡൗണ്‍ കാലാത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു.
കുറച്ചുനാള്‍ മുമ്പ് ആരോ ഇത് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അത് വീണ്ടും പുതുക്കി പണിതു. അന്നേ ദിവസം അവിടെ ഭക്ഷണവും മറ്റും ഉണ്ടാക്കി കഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രി 8.45 ന് വീട്ടില്‍നിന്നും ഇറങ്ങി ഫിനോജ് പിന്നീട് വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല.
പിന്നീട് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്. നേരത്തെ ഗള്‍ഫിലായിരുന്ന ഫിനോജ് കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം നടത്തിയ ചികിത്സയ്ക്കു ശേഷമാണത്രെ കുഞ്ഞുണ്ടായത്. നാലു വയസുള്ള ഒരു മകളും ഭാര്യയുമാണ് ഫിനോജിനുള്ളത്. സംഭവം സംബന്ധിച്ച് ഊര്‍ജിതമായ അന്വേഷണത്തിലാണ് പോലീസ്.