കണ്ണൂര്‍: നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43)ന്റെ മരണത്തിന് രാഷ്ട്രീയപാർട്ടികളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു.
മരിച്ച ഫിനോജും സുഹൃത്തുക്കളും വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് മാറിയതാണ്.കൃഷിയും ചിട്ടി സംഘവും നടത്തുന്ന 20 അംഗം ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമായിരുന്നു ഫിനോജ്.
കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പ് ആരോ ഇത് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അത് വീണ്ടും പുതുക്കി പണിതു. മരണത്തിന് ഈ ഷെഡ് തകർക്കലുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
മരിച്ച ദിവസം ഫിനോജ് ഭക്ഷണം കഴിച്ചതിനു ശേഷം 8.45 ഓടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് വയലിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കുറച്ചു നേരം ചിലവഴിച്ച ശേഷവും പത്തോടെ അവിടെ നിന്നിറങ്ങുകയും ചെയ്തു. പത്തിനും 10:10 നും ഇടയിലാണ് മരണം നടന്നതെന്നാണ് പോലീസ് പറയുന്നത്.
ഫിനോജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 150 തോളം പേരെ ചോദ്യം ചെയ്തു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്, ചക്കരക്കല്‍ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അന്നേ ദിവസം തന്നെ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വഭാവിക മരണമല്ലെന്ന് വ്യക്തമായത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. എസ് ഗോപാലകൃഷ്ണപിള്ള കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണം ഉള്ളതായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപെടുത്തിയതാണെന്ന സംശയം ബലപെടുകയാണ്.