ചാലക്കുടി: ഫിനോമിനൽ ഹെൽത്ത് കെയർ തട്ടിപ്പിൽ നിക്ഷേപകരെ കബളിപ്പിച്ച് 200 കോടിയിൽപ്പരം രൂപയുമായി മുങ്ങിയവർ ഇപ്പോഴും ഒളിവിൽതന്നെ. തട്ടിപ്പ് പുറത്തുവന്നതോടെ സ്ഥലംവിട്ട കന്പനി ഡയറക്ടർമാർ ഇപ്പോഴും വിദേശരാജ്യങ്ങളിൽ സുഖജീവിതം നയിക്കുകയാണ്. കന്പനി പൂട്ടിപ്പോയിട്ട് ഒരു വർഷം പിന്നിട്ടിട്ടും പണം നഷ്ടപ്പെട്ട നിക്ഷേപകർ പോലീസിൽ പരാതി നല്കി പ്രതീക്ഷയോടെ കാത്തിരിക്കയാണ്.
ആദ്യം ലോക്കൽ പോലീസ് കേസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കന്പനി ഡയറക്ടർമാരായ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ഇവരിൽ ചെങ്ങിനിമറ്റം തോമസിന് ജാമ്യം അനുവദിച്ചു. മറ്റുള്ളവർ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ തോമസ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്പാകെ ഹാജരാകാത്തതിനാൽ കോടതി ജാമ്യം നിഷേധിച്ചിരിക്കയാണ്.
ഒന്പതുവർഷം കാലവധി കഴിഞ്ഞാൽ ഇരട്ടിത്തുക നൽകുമെന്നും മെഡിക്ലെയിം ആനുകൂല്യങ്ങൾ നൽകാമെന്നും വിശ്വസിപ്പിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ 200 കോടി രൂപയിൽപ്പരം നിക്ഷേപമായി സ്വീകരിച്ച്, ആനുകൂല്യങ്ങൾ നൽകാതെ സാധാരണ ക്കാരെ ചതിച്ചശേഷം കന്പനി പൂട്ടി സ്ഥലം വിടുകയാണ് ചെയ്തത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിക്കു വിവിധ സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ടായിരുന്നു.
നേപ്പാൾ സ്വദേശി എൻ.കെ. സിംഗാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. വിവിധ സംസ്ഥാനങ്ങളിൽനിന്നും ലഭിക്കുന്ന നിക്ഷേപങ്ങൾ മുംബൈയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്ന സിംഗിന് ഒന്പതു ഭാര്യമാർ ഉണ്ടെന്നു പറയുന്നു. നേപ്പാളിലും വിദേശ രാജ്യങ്ങളിലും കോടികളുടെ നിക്ഷേപങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ചുമതല കൊരട്ടി കട്ടപ്പുറം സ്വദേശിയായ കെ.ഒ. റാഫേൽ എന്നയാൾക്കായിരുന്നു.
കൊരട്ടി മദുര കോട്സിലെ ഒരു സാധാരണ തൊഴിലാളിയായിരുന്ന ഇയാൾ കന്പനി എംഡിയായതോടെ വൻ ധനികനായി മാറി. ആഴ്ചയിലൊരു ദിവസം മുംബൈയിലേക്കു പറക്കുന്ന റാഫേൽ വിദേശരാജ്യങ്ങളിലും സുഖജീവിതം നയിച്ചിരുന്നു. കന്പനിയുടെ മറ്റു ഡയറക്ടർമാരും സാധാരണക്കാരനായിരുന്നു. ഇവരെല്ലാം സാധാരണ ജോലി ചെയ്തിരുന്നത് ഉപേക്ഷിച്ചാണ് കന്പനി ഡയറക്ടർമാരായത്. ആഡംബര കാറുകളും വിദേശവാസവും ഇവർക്കു പതിവായി. കൊട്ടാര സദൃശമായ വീടുകളും ഇവർ പണിതുയർത്തി.
സാധാരണ വീട്ടമ്മമാരെയും പഞ്ചായത്ത്, മുനിസിപ്പൽ ജനപ്രതിനിധികളെയും ഏജന്റുമാരാക്കിയാണ് ജനങ്ങളിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. പാവപ്പെട്ടവർ തുടങ്ങി വിദേശത്തു ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളിൽനിന്നുള്ളവരിൽനിന്നുമാണ് ഇവർ നിക്ഷേപങ്ങൾ വൻ വാഗ്ദാനങ്ങൾ നൽകി സ്വീകരിച്ചിരുന്നത്.
പെണ്മക്കളെ വിവാഹം കഴിപ്പിക്കാനും മറ്റും വേണ്ടി നിക്ഷേപം നടത്തിയ വരും വഞ്ചിതരായവരിൽ ഉൾപ്പെടും. ഏജന്റുമാർക്കു വൻ കമ്മീഷനും സുഖവാസ കേന്ദ്രങ്ങളിലേക്ക് വിനോദ യാത്രകളും മുന്തിയ ഹോട്ടലുകളിൽ ഭക്ഷണവും നൽകിയിരുന്നു. പേരാന്പ്രയിൽ മെഡിസിറ്റി, ടൗണിൽ ഷോപ്പിംഗ് കോംപ്ലക്സ് എന്നീ പദ്ധതികൾ കാണിച്ചാണ് ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.
നിക്ഷേപങ്ങൾ തിരിച്ചുനൽകേണ്ട കാലാവധി എത്തിയപ്പോൾ ഡയറക്ടർമാർ ജനങ്ങളെ പല അവധികൾ പറഞ്ഞ് തിരിച്ചയച്ചുവെങ്കിലും കന്പനിയുടെ സ്വത്തുവകകൾ വിറ്റു പണമാക്കി ഡയറക്ടർമാർ സ്ഥലംവിടുകയാണ് ചെയ്തത്.