വടക്കഞ്ചേരി: പനംങ്കുറ്റി, കരടിയള, കന്നിക്കാട്, വിആർടി മലയോരം, പാലക്കുഴി തിണ്ടില്ലം വെള്ളചാട്ടത്തിന്റെ താഴ്ഭാഗം തുടങ്ങിയ മലയോരങ്ങളിലുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചത് നൂറ് ഏക്കറോളം വരുന്ന റബർ, തെങ്ങ്, കുരുമുളക് തോട്ടങ്ങൾ. വിആർടിയിൽ ഉണ്ടായ തീപിടുത്തത്തിലാണ് ഏറെ നാശനഷ്ടമുണ്ടാക്കിയത്.
എഴുപതോളം തെങ്ങുകൾ, നൂറുകണക്കിന് കുരുമുളക് കൊടികൾ, കാപ്പി, റബർ മരങ്ങൾ തുടങ്ങിയവ കത്തിനശിച്ചു.രണ്ടുപ്ലാക്കൽ മത്തായി, താക്കോൽക്കാരൻ തോട്ടം ബിജു, ചീനകുഴിയിൽ പൗലോസ്, മുറ്റത്താനിയിൽ മേരി, വെട്ടത്ത് അവിരാച്ചൻ (സോണിച്ചൻ ), പ്രസാദ് തുടങ്ങിയവരുടെ തോട്ടങ്ങളിലാണ് കൂടുതൽ തീ പടർന്നത്.
റബർതൈ മുതൽ ടാപ്പിംഗ് നടത്തുന്ന വലിയ മരങ്ങൾ വരെ അഗ്നിക്കിരയായി.വലിയ റബർ മരങ്ങളിലെ പോലും ഇലകൾ വാടിയ നിലയിലാണിപ്പോൾ. ഒരാഴ്ച കഴിഞ്ഞാലെ മരങ്ങൾ ഉണങ്ങുമോ വളരുമോ എന്നൊക്കെ അറിയാനാകു എന്ന് തീ പിടിച്ച് തോട്ടം നശിച്ച മംഗലംഡാമിലെ താമസക്കാരനായ ഒ.മത്തായി പറഞ്ഞു.
കനമുള്ള അടിക്കാടാണെങ്കിൽ തീ കൂടും. ഇത് മുകളിലുള്ള റബർ മരങ്ങളുടെ വേരുകൾ പൊള്ളലേറ്റ് ഉണങ്ങുന്നതിനും അതുവഴി മരങ്ങളും ഉണങ്ങും. വിആർടിയുടെ താഴ്ഭാഗത്തു നിന്നാണ് തീ തുടങ്ങിയത്. ഇവിടെ ഒരു തോട്ടത്തിലുള്ള ഷെഡിലെ വൈദ്യുതി വയറിൽ നിന്നാകണം തീ പടർന്നതെന്നാണ് നിഗമനം.
ഷെഡിലെ ഫ്രിഡ്ജ് പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. വയറുകളും കത്തിയനിലയിലാണ്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആരംഭിച്ച തീ ഇന്നലെ വൈകുന്നേരവും പൂർണ്ണമായും അണക്കാനായിട്ടില്ല.മലയോരത്ത് പലയിടത്തായി ഇപ്പോഴും തീയുണ്ട്.
നൂറോളം വരുന്ന നാട്ടുക്കാർ എട്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. ഫയർ ലൈൻ ഉണ്ടാക്കിയും പച്ചില കൊന്പുകൾ കൊണ്ട് തല്ലിയുമാണ് തീ നിയന്ത്രിച്ചത്.വനപാലകരും സഹായത്തിനെത്തി. തീയണക്കുന്നതിനിടെ പൊന്തകാട്ടിൽ നിന്നും കാട്ടുപന്നി ചാടി വെട്ടത്ത് അവിരാച്ചൻ മകൻ സോണിച്ചന്റെ കൈക്ക് തട്ടി.
എന്നാൽ പരിക്കേറ്റില്ല. തീ ആളികത്തുന്നതിനിടെ മാനും മറ്റു ചെറു മൃഗങ്ങളും ചിതറിയോടിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. പാലക്കുഴി തിണ്ടില്ലം വെള്ളചാട്ടത്തിനു താഴെയായി കോട്ടേക്കുളത്തിന് മേൽഭാഗത്ത് വനത്തിൽ മൂന്ന് ദിവസമായി തീ തുടരുകയാണ്.
തീയണക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമീപത്തെ സ്വകാര്യ തോട്ടങ്ങളിലേക്കും തീ പടരുന്ന സ്ഥിതിയുണ്ടാകും. പനംങ്കുറ്റി കരടിയള ,കന്നിക്കാട് ഭാഗത്തായി പലരുടെതായി ഇരുപത് ഏക്കറിലധികം വരുന്ന തോട്ടങ്ങൾ കത്തിനശിച്ചു.കന്നിക്കാട് മല ഭാഗത്ത് ടാപ്പിംഗ് തുടങ്ങാറായ റബർ മരങ്ങളാണ് കത്തിനശിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് നാട്ടുകാർ തീ കണ്ടത്. ആളുകൾ ഓടിക്കൂടി അഞ്ച് മണിക്കൂർ കൊണ്ട് തീ നിയന്ത്രിച്ചെങ്കിലും അർധരാത്രിയോടെ തീ വീണ്ടും ശക്തമായതായി രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന ഗോപാലകൃഷ്ണൻ പറഞ്ഞു. വീണ്ടും മലയിൽ കയറി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഇന്നലെ പുലർച്ചെ വരെ തീ കെടുത്തലുമായി നാട്ടുകാരെല്ലാം മലയിലായിരുന്നു. ഇവിടേയും വനത്തിലേക്ക് തീ കയറിയിട്ടുണ്ട്.