കോഴിക്കോട് : നഗരപരിധിയിലെ വസ്ത്ര വ്യാപാരകേന്ദ്രത്തിന് അജ്ഞാത സംഘം തീയിട്ടു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റോപ്പിന് സമീപത്ത് തിങ്കളാഴ്ച ആരംഭിച്ച പപ്പാസ് ആന്‍ഡ് മമ്മാസ് ടെക്സ്റ്റൈയില്സിനാണ് തീവച്ചത്. ഇന്ന് പുലര്‍ച്ചെ 1.50 ഓടെയാണ് സംഭവം. പറമ്പില്‍ബസാര്‍ സ്വദേശി നിജാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
പിക്കപ്പ് വാനിലെത്തിയ നാലംഗ സംഘം തീവച്ചതാണെന്ന് നിജാസ് ചേവായൂര്‍ പോലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.16 മുറികളുള്ള രണ്ട് നില കെട്ടിടത്തിലാണ് ടെക്സ്റ്റൈയില്‍സ് പ്രവര്‍ത്തിക്കുന്നത്.
രണ്ട് നിലകളിലായി സൂക്ഷിച്ച മുഴുവന്‍ വസ്ത്രങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഇന്ന് പുലര്‍ച്ചെ തീപടരുന്നത് കണ്ടവര്‍ വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
തീ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട് ബീച്ചില്‍ നിന്നും നരിക്കുനിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. മൂന്നു യൂണിറ്റുകളില്‍ നിന്നുള്ള സേനാംഗങ്ങള്‍ മൂന്നു മണിക്കൂര്‍ പ്രയത്നിച്ചാണ് തീനിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
എല്ലാ മുറികളിലും ഓരേസമയത്താണ് തീ ആളിക്കത്തിയതെന്നത് സംഭവത്തിലെ ദുരൂഹത വ്യക്തമാക്കുന്നതാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റോ ഉണ്ടായാല്‍ ഒരിടത്തുനിന്ന് തീ ഉത്ഭവിച്ച് മറ്റു ഭാഗങ്ങളിലേക്ക് പടരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ എല്ലായിടത്തും ഒരുപോലെ തീ ആളിക്കത്തുകയായിരുന്നു.
അതിനാല്‍ തീപടരുന്നതിന് പെട്രോള്പോലുള്ള ഇന്ധനം ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ ശേഖരിക്കും.