അഗളി: ജീവിതസായാഹ്നത്തിലും പ്രതീക്ഷ കൈവിടാതെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷാർത്ഥത്തിനുള്ളിൽ കത്തി ചാന്പലായി ഈ വൃദ്ധ ദന്പതികൾക്ക്. കിലോമീറ്ററുകൾ നടന്ന് ശേഖരിക്കുന്ന ഈറ്റയും മുളയും തലയിലേറ്റി കൊണ്ടുവന്നു നെയ്തെടുത്ത കൊട്ട, മുറം, പനന്പ്, ചൂല് തുടങ്ങിയവയെല്ലാം അഗ്നി വിഴുങ്ങി.
കോട്ടത്തറ ചന്തക്കടക്കടുത്ത് റോഡ് പുറന്പോക്കിൽ തട്ടികൂട്ടിയ ദുർബലമായ ഷെഡ് ആണ് ഇന്നലെ പുലർച്ചെ കത്തിയമർന്നത്. പട്ടികജാതി വിഭാഗക്കാരായ സരസ്വതി, ഷണ്മുഖൻ ദന്പതികൾക്കാണ് ഈ ദുർഗതി. ഉടുവസ്ത്രവും റേഷൻകാർഡുമൊഴികെ മറ്റെല്ലാം ചാന്പലായി.
പതിനയ്യായിരം രൂപയും അഗ്നിക്കിരയായി. സംഭവസമയം ഷണ്മുഖൻ മാത്രമാണ് ഷെഡിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികൾ എത്തിയാണ് ഉറങ്ങി കിടന്ന ഷണ്മുഖത്തെ രക്ഷിച്ചത്.
എപ്രകാരമാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമായ ധാരണയില്ല. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ദന്പതികൾ പല സ്ഥലങ്ങളിലായി വാടക വീടുകളിലാണ് താമസിച്ചു വന്നത്.
കോവിഡ്19 ന്റെ ഭാഗമായി വരുമാനം നിലച്ച് വാടക കൊടുക്കാൻ മാർഗമില്ലാതെയായതോടെയാണ് പുറന്പോക്കിൽ ഷെഡ് കെട്ടിയതെന്ന് ഷണ്മുഖൻ പറഞ്ഞു. റേഷൻ കാർഡും ആധാർകാർഡും മറ്റു രേഖകൾ എല്ലാം ഉണ്ടായിരുന്നിട്ടും പല വാതിൽ മുട്ടിയിട്ടും തങ്ങൾക്ക് ഇതുവരെ വീട് ലഭ്യമായില്ലെന്ന് ഷണ്മുഖൻ പറഞ്ഞു.
കാൽ വിരലിന് പൊള്ളലേറ്റ ഷണ്മുഖൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഷെഡ് ഇരുന്ന തറയിൽ എൽപി ലൈൻ പൊട്ടി വീണതായി കാണപ്പെടുന്നുണ്ട്.
എന്നാൽ ലൈൻ പൊട്ടിവീണ് തീപിടുത്തമുണ്ടാകാൻ ഒരു സാധ്യതയും ഈ പ്രദേശത്ത് ഇല്ലെന്ന് കെഎസ്ഇബി കോട്ടത്തറ സബ് എൻജിനീയർ ബിനോയ് പറഞ്ഞു.
ഷെഡ് കത്തുന്പോഴുണ്ടായ ഉന്നത ഉൗഷ്മാവിൽ എൽടി ലൈൻ ഉരുകി വീണതാകാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാൽ
എവിടെ അന്തിയുറങ്ങുമെന്നുള്ള ഭയപ്പാടിലാണ് വൃദ്ധ ദന്പതികൾ. ഭക്ഷണം കഴിക്കാനും വസ്ത്രം വാങ്ങാനും പോലും പണമില്ലാതെ വലയുകയാണിവർ .