അമ്പലപ്പുഴ: ആശുപത്രിയിലെ അടച്ചിട്ടിരുന്ന മുറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നഷ്ടം. തീപിടുത്തത്തിൽ ഫോട്ടോ സ്റ്റാറ്റ് മെഷീൻ കത്തി നശിച്ചിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജെ ബ്ലോക്കിൽ സൂപ്രണ്ട് ഓഫീസ് ഹാളിലെ വടക്കേ അറ്റത്തുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം.
ഷോർട് സർക്യൂട്ട് മൂലം സീലിംഗ് ഫാനിന് തീപിടിച്ച് മുറിക്കുള്ളിൽ വീണ് ഇവിടെ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കു കസേരയിലും ഫോട്ടോസ്റ്റാറ്റ് മെഷിനിലേക്കും തീ പടരുകരുകയായിരുന്നു.
മുറിപൂട്ടി ജീവനക്കാരൻ ഊണ് കഴിക്കാൻ പോയ സമയമായിരുന്നു അപകടം. ഫാൻ വീണതിൻെറ ശബ്ദവും തുടർന്ന് മുറിയിൽ നിന്നും പുക ഉയരുന്നതും കണ്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ജീവനക്കാരൻ
ഫയർ യൂണിറ്റ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിവരമറിയിച്ചു.
പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരായ അജിയും അജീഷും എത്തി മെയിൻ സ്വിച്ചുകൾ ഓഫ് ചെയ്ത് ഫാനിലെ വൈദ്യുത ബന്ധം വേർപെടുത്തി. തുടർന്ന് എയ്ഡ് പോസ്റ്റ് പോലീസും സുരക്ഷ ജീവനക്കാരും ഓഫീസ് ജീവനക്കാരും ചേർന്ന് തീ അണച്ചു.
ഷോർട് സർക്യൂട്ട് ഉണ്ടായപ്പോൾ മുറി അടഞ്ഞുകിടന്നതാണ് ഇങ്ങനെയൊരു നാശനഷ്ടം ഉണ്ടാകാൻ കാരണം. മുറി അടഞ്ഞുകിടക്കുമ്പോഴും ഫാൻ പ്രവർത്തിച്ചതാവാം ഫാനിൽ ഷോർട് സർക്യൂട്ടുണ്ടായതെന്ന് ഇലക്ട്രിക് വിഭാഗം പറയുന്നു.
എന്നാൽ ഫാൻ ഓഫായി കിടക്കുകയായിരുന്നെന്നും മുറി അടച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ ശബ്ദം കേട്ടെന്നുമാണ് ജീവനക്കാരൻ പറയുന്നുത്.
സംഭവത്തിൻ്റെ നിജ സ്ഥിതി അന്വേഷിക്കണമെന്നാവശ്യപെട്ട് അമ്പലപ്പുഴ പോലീസിന് പരാതി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. രാംലാൽ പറഞ്ഞു. ഫയലുകൾ ഒന്നും തന്നെ ഫോട്ടോ സ്റ്റാറ്റ് മുറിയിൽ ഉണ്ടായിരുന്നില്ലാ എന്ന് സൂപ്രണ്ട് രാംലാൽ പറഞ്ഞു.
ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ഫയർ യൂണിറ്റുകൾ പലതും പ്രവർത്തിക്കുന്നില്ല. വർഷങ്ങളായി സ്ഥാപിച്ച പൈപ്പുകളും മറ്റും തുരുമ്പടിച്ചിരിക്കുന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥയുമാണുള്ളത്.