കൊല്ലം :അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിട നിര്‍മാണ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ എസ് കാര്ത്തികേയന് അറിയിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിസുരക്ഷ ഉറപ്പു വരുത്താതെയുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. നിശ്ചിത സമയ പരിധിക്കുള്ളില്‍ അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അല്ലാത്തവ അടച്ചുപൂട്ടും. 15 മീറ്ററില്‍ അധികം ഉയരവും 1000 ചതുരശ്ര മീറ്റര്‍ പ്ലിന്ത് ഏരിയയും ഉള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
നിശ്ചിത വീതിയുള്ള വഴിയും മതിയായ അഗ്നിശമന ഉപകരണങ്ങളും ഉള്ള കെട്ടിടങ്ങള്‍ക്കാണ് നിരാക്ഷേപപത്രം നല്‍കുക. ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ സമ്മേളന ഹാളുകളും വ്യാവസായിക കെട്ടിടങ്ങളും വലിപ്പ വ്യത്യാസമില്ലാതെ അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.
മാനദണ്ഡങ്ങള്‍ മറികടന്ന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അനുവാദമില്ലാതെ കെട്ടിടങ്ങള്‍ക്ക് ഉയരം കൂട്ടുന്നതായും കണ്ടെത്തി. ഇവയ്ക്കെതിരെ നടപടി സ്വീകരിക്കും. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളെ സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ നല്കുന്ന പട്ടിക പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നോട്ടീസ് നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.