കൊല്ലം :അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിക്കുന്ന കെട്ടിടങ്ങൾ പൂട്ടുകയോ ലൈസൻസ്, പെർമിറ്റ് റദ്ദാക്കുകയോ ചെയ്യാൻ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിലെ 80 കെട്ടിടങ്ങൾ മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്നതായി ജില്ലാ ഫയർ ഓഫീസർ നൽകിയ റിപോർട്ടിനെ തുടർന്നാണ് നടപടി.
മാനദണ്ഡം പാലിക്കാത്ത കെട്ടിട ഉടമകൾക്ക് ഒരാഴ്ചയ്ക്കകം നോട്ടീസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. 30 ദിവസത്തിനകം മറുപടി നൽകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകി കാലതാമസം നേരിടുന്നവർക്ക് പരമാവധി ഏഴു ദിവസം കൂടി സമയം നീട്ടി നൽകാം.
ഇതു കഴിഞ്ഞും സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങാത്ത സ്ഥാപനങ്ങളാണ് പൂട്ടുകയോ ലൈസൻസ്, പെർമിറ്റ് എന്നിവ റദ്ദാക്കുകയോ ചെയ്യേണ്ട ത്. നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഗ്നിസുരക്ഷാ ഓഫീസർ നൽകിയ റിപോർട്ട് പ്രകാരമുള്ള 80 സ്ഥാപനങ്ങളിൽ 78 എണ്ണവും എൻ ഒ സി നേടിയവയല്ല. രണ്ട ു കെട്ടിടങ്ങൾ പുതുക്കിയിട്ടുമില്ല.