വടക്കഞ്ചേരി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം വടക്കഞ്ചേരി അഗ്നിരക്ഷാനിലയത്തിന്റെ അധികാരപരിധിയിലുള്ള ഓഡിറ്റോറിയങ്ങൾ, ബഹു നില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ തരം വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയവയിൽ പരിശോധന നടത്തി.
സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.സി ഷാജു, ലീഡിങ് ഫയർമാൻ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഭൂരിപക്ഷം കെട്ടിടങ്ങളിലും ഫയർ സർവീസ് അനുശാസിക്കുന്ന സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. സ്ഥാപിച്ചിട്ടുള്ളവയിൽ സുരക്ഷാ ക്രമീകരണങ്ങളിൽ പലതും പ്രവർത്തനക്ഷമവുമല്ല.
ഫയർ സർവീസ് നിർദ്ദേശം നൽകിയ കെട്ടിടങ്ങളിൽ ആയത് സമയബന്ധിതമായി പുതുക്കിയിട്ടുമില്ല. ഓരോ സ്ഥാപനങ്ങളിലും ഉണ്ടായിട്ടുള്ള ഇത്തരം വീഴ്ചകൾ ദൂരീകരിക്കുന്നതിന് മുന്നോടിയായി വടക്കഞ്ചേരി , കിഴക്കഞ്ചേരി ,
വണ്ടാഴി, കണ്ണന്പ്ര, പുതുക്കോട് എന്നീ പഞ്ചായത്തുകളിലെ മുഴുവൻ കെട്ടിടങ്ങളിലും വരും ദിവസങ്ങളിൽ തുടർ പരിശോധന ഉണ്ടാകുന്നതാണെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.