ഷൊർണൂർ: വിദ്യാലയങ്ങളിൽ അഗ്നിരക്ഷാ സംവിധാനം ഒരുക്കണമെന്ന ഉത്തരവ് ഇനിയും നടപ്പായില്ല. അപകടം ഇല്ലാതാക്കാനും സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് വിദ്യാലയങ്ങളിൽ അഗ്നിരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഒരുവർഷം മുന്പുതന്നെ ഉത്തരവിറക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് പരിശീലനത്തിൽ പങ്കെടുത്തുപോയതല്ലാതെ അധ്യാപകരുടെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ യാതൊരു നടപടിയുമുണ്ടായില്ല.
കഴിഞ്ഞ ജൂണിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് അഗ്നിരക്ഷാസേന വിഭാഗം സ്കൂൾ മേധാവികൾക്ക് നല്കിയത്. രേഖാമൂലമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുക. തീപിടിത്തം ഉണ്ടായാൽ വേഗം രക്ഷപ്പെടാനുള്ള വഴിയൊരുക്കുക. അഗ്നിബാധ മുന്നറിയിപ്പിനുള്ള യന്ത്രം സ്ഥാപിക്കുക, മോക്ഡ്രിൽ നടത്തുക, ഫയർലൈനുകൾ വലിക്കുക. തീപിടിച്ചാൽ അണയ്ക്കാൻ വെള്ളം കരുതാനുള്ള ടാങ്കുകൾ നിർമിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിച്ചത്.
ഇതിനുമുന്നോടിയായി ഒറ്റപ്പാലം, പാലക്കാട്, കൊപ്പം, ചിതലി എന്നിവിടങ്ങളിൽ അധ്യാപകർക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശീലനവും നല്കി. എന്നാൽ പരിശീലനത്തിൽ പങ്കെടുത്തു നിർദേശങ്ങൾ പാടെ അവഗണിക്കുകയും ഇതൊന്നും പ്രാബല്യത്തിൽ വരുത്താൻ മുതിരുകയും ചെയ്യാതെ ഒഴിഞ്ഞുമാറുന്ന അവസ്ഥയാണ് അധ്യാപകർ സ്വീകരിച്ചത്.
അതേസമയം ചില വിദ്യാലയങ്ങൾ മാത്രമാണ് സ്കൂളുകളിൽ നിന്നും മേൽപറഞ്ഞ ആവശ്യം നിറവേറ്റുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു അപേക്ഷ നല്കിയത്. എന്നാലിത് പരിഗണിക്കപ്പെട്ടിട്ടില്ല. സ്കൂളുകൾക്ക് നേരെ വകുപ്പുതലത്തിൽ നിന്നും നടപടി സ്വീകരിക്കാൻ അഗ്നിശമന വിഭാഗത്തിന് അധികാരമില്ല.ഇതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടുമില്ല.
പുതിയ കെട്ടിടങ്ങൾ കെട്ടുന്പോൾ നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഫയർഫോഴ്സ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയകെട്ടിടങ്ങളിൽ മേൽപറഞ്ഞവ സ്ഥാപിക്കുന്നതിന് പുതിയ കെട്ടിടത്തിന് അനുമതി തേടിവരുന്ന സ്കൂൾ അധികൃതരെ പ്രേരിപ്പിക്കുകയാണ് അധികൃതർ. അതേസമയം പാലക്കാട് കൊല്ലങ്കോട് എലപ്പുള്ളി, പാറ എന്നിവടങ്ങളിലെ സ്കൂളുകളിൽനിന്ന് സുരക്ഷാ സംവിധാനം ഒരുക്കി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പുതിയ കെട്ടിടങ്ങൾക്ക് നിർബന്ധമായും കർശനമായ മാനദണ്ഡങ്ങൾ തന്നെയാണ് ഫയർഫോഴ്സ് അധികൃതരുടെയും തീരുമാനം. അതേസമയം വിദ്യാലയങ്ങളിലും തിരക്കുള്ള കെട്ടിടങ്ങളിലും അഗ്നിരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് കെട്ടിടമുടമകൾ തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
പുതിയ കെട്ടിടങ്ങൾ നിർമിക്കുന്ന സമയം അഗ്നിരക്ഷാ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെട്ടിടമുടമ പാലിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തയാറാകാത്തതും മുഖ്യപ്രശ്നമാണ്.
പുതിയ കെട്ടിടങ്ങളിൽ വ്യാപകമായി പരിശോധന നടത്താനും നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചിട്ടുള്ളതെന്നും കണ്ടെത്തുന്ന പക്ഷം കർശനനടപടി സ്വീകരിക്കാനുമാണ് ഫയർഫോഴ്സ് അധികൃതരുടെ തീരുമാനം.
അതേസമയം പഴയ കെട്ടിടങ്ങളിൽ ഒന്നിൽപോലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം കെട്ടിടങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നപക്ഷം രക്ഷാപ്രവർത്തനം നടത്തുകയെന്നുള്ളത് ദുഷ്കരമാണെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു.പുതിയ കെട്ടിടങ്ങൾക്ക് അനുമതി നല്കുന്ന വേളയിൽ സംരക്ഷണ സംവിധാനങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ടെന്ന് ബോധ്യംവരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ആവശ്യം.