നാദാപുരം: തൂണേരി മുടവന്തേരി എംഎൽപി സ്കൂൾ പരിസരത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട സിപിഎം പ്രവർത്തകന്റെ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചു. മുടവന്തേരി സ്വദേശി ഇൗറ്റേന്റവിട റിനീഷിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 18 ആർ 4520 നന്പർ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതർ അഗ്നിക്കിരയാക്കിയത്.പാറക്കടവ് ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോയാണ് കത്തിച്ചത്.റിനീഷിന്റെ വീട്ടിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ ബന്ധുവായ കൊയിലോത്ത് സജീവന്റെ വീട്ടിലായിരുന്നു ഓട്ടോ നിർത്തിയിരുന്നത്.
പെട്രോളോ മറ്റോ ഒഴിച്ച് തീവച്ച് നശിപ്പിച്ചതാണെന്ന് കരുതുന്നു.ഓട്ടോ പൂർണമായി കത്തി നശിച്ചു. സജീവന്റെ ഭാര്യയും രണ്ട് ചെറിയ കുട്ടികളുമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്തുനിന്ന് ശബ്ദം കേട്ടുണർന്നപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. ഇവർ ബഹളംവച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ തീഅണയ്ക്കുന്പോഴേക്കും പൂർണമായി കത്തിനശിച്ചിരുന്നു. ആളിപ്പടർന്ന തീ ഓട്ടോറിക്ഷയിൽനിന്ന് വീട്ടിലേക്കും പടർന്നു.
വീടിന്റെ ജനവാതിലിനും തീ പിടിച്ച് കട്ടിള ഉൾപ്പെടെ കത്തിനശിച്ചു. വീട്ടിനകത്തെ മുറിയിലേക്ക് തീപടരുന്നതിനുമുന്പ് കണ്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. നാദാപുരം സി െഎ ജോഷി ജോസ്, എസ് െഎ എൻ.പ്രജീഷ് എന്നിവരും കൺട്രോൾ റൂം പോലീസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഓട്ടോ തീവച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാറക്കടവിൽ ഓട്ടോ തൊഴിലാളികൾ ഹർത്താൽ ആചരിച്ചു. റിനീഷ് നാദാപുരം പോലീസിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച സിപിഎം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് ഇൗ മേഖലയിൽ സ്ഥാപിച്ച കൊടികളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു.