തിരുവനന്തപുരം: ഇരുനൂറിലേറെ മോഷണങ്ങൾ നടത്തിയ തീവെട്ടി ബാബുവിനേയും കൂട്ടാളിയെയും സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ ടീം പിടികൂടി.
കേരളത്തിലുടനീളം നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള കൊല്ലം പൂതക്കുളം കുളത്തൂർ കോണം നന്ദു ഭവനിൽ ബാബു (തീവെട്ടി ബാബു ,62), കൂട്ടാളി കളിയിക്കവിള കോഴിവിളയിൽ അബ്ദുൾ റഫൂക്ക് (24) എന്നിവരെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
പൂജപ്പുര അൻവർ ഗാർഡൻസിന് സമീപം ശ്രീ വീട്ടിൽ റിട്ടയേർഡ് ഐആർഎസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ഒന്പതു മുതൽ വീട്ടിൽ ആളില്ലാ എന്നു മനസിലാക്കിയ മോഷ്ടാക്കൾ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറി സ്വർണവും വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ നാലു ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ബല്റാംകുമാർ ഉപാദ്ധ്യായയുടെ നിർദേശാനുസരണം പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഇവരെ ചോദ്യം ചെയ്തതിൽ മാർച്ചിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ മണക്കാടുള്ള സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടർ മോഷണം ചെയ്തു കൊണ്ടു പോയതും, ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് റഫീക്കിന്റെ വീട്ടിൽ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ചതും ഇവരാണെന്ന് തെളിഞ്ഞു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കമ്മീഷണർ അറിയിച്ചു.ഡിസിപി. ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് എസിപി അജിത്കുമാർ, എസിപി അനിൽകുമാർ, പൂജപ്പുര ഇൻസ്പെക്ടർ റോജ് , എസ്ഐമാരായ അനൂപ് ചന്ദ്രൻ , യശോധരൻ എസ്സിപിഒ. ഹരി, സി.പി.ഒ പ്രശാന്ത്, ഷാഡോ എസ്ഐ അരുൺ കുമാർ, എഎസ്ഐ സാബു, ഷാഡോ ടീം അംഗങ്ങൾ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.