വിഴിഞ്ഞം: വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടി വാഹനങ്ങൾ തീയിട്ട് നശിപ്പിക്കാൻ ശ്രമം. ബൈക്കിലെത്തിയ മൂന്നംഗ സംഘം തീയിട്ട ശേഷം രക്ഷപ്പെട്ടു. സംഘത്തിലെ പ്രധാനിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെയും കൂട്ടരെയും പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാളാണ് സ്റ്റേഷന്റെ പിറക് ഭാഗത്ത് കൂടി എത്തി വാഹനങ്ങളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തീ പടരുന്നത് കണ്ട് പോലീസുകാർ ഓടിയെത്തിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.
പെട്രോൾ ഒഴിച്ച് തീയിട്ടത് നിരവധി കേസുകളിൽ പ്രതിയായ പൂന്തുറ സ്വദേശി അൽ-അമീൻ ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്തിന്റെ വാഹനം ഇന്നലെ വിഴിഞ്ഞം പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് വിട്ട് കൊടുക്കാത്തതിന്റെ വിരോധമാകാം കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.