ആലപ്പുഴ: നഗരത്തിലെ ബിസ്മി സൂപ്പർ മാർക്കറ്റിന്റെ സ്റ്റോർ റൂമിന് സമീപം തീപിടിത്തം. ഇന്ന് പുലർച്ചെ 2.45 ഓടെ ആയിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് അധികൃതർ തക്കസമയത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപ ഇടങ്ങളിലേക്ക് തീ പടർന്നില്ല.
നഗര മധ്യത്തിൽ വൻ ദുരന്തം ആണ് ഒഴിവായത്. തീ പിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ എന്നു സംശയിക്കുന്നു. ബിസ്മി ഹൈപ്പർ മാർക്കറ്റിന്റെ പിറകുവശത്താണ് തീ കണ്ടത്
നിരവധി ഉത്പന്നങ്ങൾ കത്തിനശിച്ചു. നോൺ സ്റ്റിക്ക് പാത്രങ്ങൾ, ഗ്യാസ് അടുപ്പ്, എണ്ണ അടക്കമുള്ളവ കത്തി നശിച്ചതായാണ് അറിവ്. മുകളിലെ ഷീറ്റിനും നാശമുണ്ടായി. ചൂട് തട്ടിയും ഉത്പന്നങ്ങൾ കേടായിട്ടുണ്ട്. ഗോഡൗണിൽ നിന്നും മാർക്കറ്റ് ഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശം ഉണ്ടായില്ല.
നഷ്ടം എത്രയെന്നു കൃത്യമായി കണക്കാക്കിയിട്ടില്ല. ആറു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയിരുന്നു. ആലപ്പുഴ കൂടാതെ ചേർത്തല, ഹരിപ്പാട്, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് ഫയർ എൻജിനുകൾ എത്തിയിരുന്നു. ജില്ലാ ഫയർ ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.