
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ആർഎസ്എസ് – ബിജെപി നേതാക്കളുടെ വീടുകളിൽ വാഹനങ്ങൾ വ്യാപകമായി തീവച്ച് നശിപ്പിച്ചു.
ആർഎസ്എസ് നേതാവും ബിജെപി എടവിലങ്ങ് പഞ്ചായത്ത് ഏഴാം വാർഡ് അംഗവുമായ പറക്കോട്ട് സുരേഷ് കുമാറിന്റെയും, ഇയാളുടെ അയൽവാസിയും ബിജെപി നേതാവുമായ തെക്കൂട്ട് അനിൽകുമാർ, എടവിലങ്ങ് തണ്ടാംകുളത്തുള്ള ബിജെപി നേതാവ് വലിയപറന്പിൽ ഉണ്ണി എന്നിവരുടെ വാഹനങ്ങളാണ് വ്യാപകമായി തീവയ്പ്പിനിരയായത്.
സുരേഷ് കുമാറിന്റെ സ്കൂട്ടറും, അനിൽ കുമാറിന്റെ കാറും, ഉണ്ണിയുടെ ബുള്ളറ്റും തീവയ്പ്പിൽ കത്തിനശിച്ചു. ഇന്നലെ രാത്രിയും, ഇന്നുപുലർച്ചെയുമാണ് അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടത്.
പഞ്ചായത്ത് അംഗം സുരേഷ് കുമാറിന്റെ വീട്ടിലുണ്ടായിരുന്ന കാർ ഇന്നലെ നെടുന്പാശേരി എയർപോർട്ടിലേക്ക് ഓട്ടം പോയതുമൂലം തീവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച് കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ വത്സൻ നെല്ലങ്കേരി പങ്കെടുത്ത പൊതു സമ്മേളനത്തിലേക്ക് പ്രവർത്തകരെ എത്തിച്ച വാഹനങ്ങളാണ് തീവയ്പ്പിനിരയായതെന്ന് പറയപ്പെടുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.