റാന്നി: ഇട്ടിയപ്പാറ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്ളവര്‍ മില്ലില്‍ തീ പിടിത്തം, വന്‍ നാശനഷ്ടം. ടൗണിലെ ഐത്തല റോഡില്‍ മൂഴിക്കല്‍ ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്ളവര്‍ മില്ലാണ് ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത്.
റാന്നി വൈക്കം സ്വദേശി കോടിയാട്ട് മാത്യൂ സാമുവേലിന്റെ ഉടമസ്ഥതയിലുള്ള ഫ്ളവര്‍ മില്ലാണ് കത്തിയമര്‍ന്നത്. സംഭവ സമയത്ത് സ്ഥാപനത്തില്‍ ഉടമ മാത്യൂ സാമുവേലും സഹായി സുനിലും കൂടാതെ രണ്ട് വനിതാ ജീവനക്കാരും ഉണ്ടായിരുന്നു.
തീപിടിത്തം മൂലം ഉടമ മാത്യുവിനും സഹായി സുനിലിനും പൊള്ളലേറ്റു. ഇരുവരെയും റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്ലിനകത്തുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിനു തീപിടിച്ചതാണ് കാരണമെന്നും പറയുന്നു.
അഗ്നിരക്ഷാ സേനയുടെ റാന്നിയില്‍ നിന്നു രണ്ടും പത്തനംതിട്ടയില്‍ നിന്ന് ഒരു യൂണിറ്റും എത്തി തീ അണക്കാന്‍ നേതൃത്വം നല്കി. റാന്നി ഇന്‍സെപെക്ടര്‍ എസ്. വിനോദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു. പ്രമോദ് നാരായണ്‍ എംഎല്‍എ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.