കണ്ണൂർ: കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഓടിയെത്തിയ ബസിന് പുതിയ ബസ് സ്റ്റാൻഡിൽ വച്ച് തീപിടിച്ചത് ഭീതി പരത്തി. ഇന്നുരാവിലെ 8.50 ഓടെ കോഴിക്കോടുനിന്നും കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിലെത്തിയ വോളണ്ട് ബസിന്റെ ടയർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തീപിടിച്ചത് ശ്രദ്ധയിൽപെട്ടതോടെ ബസിൽ ഉണ്ടായിരുന്നവർ ചാടിയിറങ്ങുകയായിരുന്നു. പിൻഭാഗത്തെ ഇരുവശങ്ങളിലുമുള്ള ടയറുകളും കത്തിക്കരിഞ്ഞു. കാൾടെക്സ് ജംഗ്ഷൻ മുതൽ ബസിന്റെ ടയറിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു.
പിങ്ക് പോലീസിന്റെ നേതൃത്വത്തിലാണ് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിയത്. കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം തീപടരുന്നതിന് മുന്പ് അണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. തീ ഡീസൽടാങ്കിലേക്ക് പടർന്നിരുന്നെങ്കിൽ ടാങ്ക് പൊട്ടിത്തെറിക്കുകയും സമീപത്തെ മറ്റു ബസുകളിലേക്കുകൂടി തീ പടർന്ന് നിയന്ത്രണാതീതമാകുമായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേഷ്, കെ.വി. വിനോദ്കുമാർ, സീനിയർ ഫയർ ഓഫീസർ കെ.കെ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.