കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ് എന്‍ഐഎ യ്ക്ക് കൈമാറി പോലീസ് ഉത്തരവിറക്കി. സംസ്ഥാന പോലീസ് മേധാവിയുടേതാണ് ഉത്തരവ്. ഫയലുകള്‍ അടിയന്തിരമായി കൈമാറാനും നിര്‍ദേശം നല്കി.
പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസില്‍ എന്‍ഐഎ അന്വേഷണത്തിനും വഴിതുറന്നത്. ഷാറൂഖിന്റെ അന്തര്‍സംസ്ഥാനബന്ധങ്ങള്‍, കേസില്‍ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കും.
നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ എന്‍ഐഎ ഉള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയിരുന്നു.
ട്രെയിന്‍ തീവെയ്പ് ഭീകരപ്രവര്‍ത്തനമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു .ഈ സാഹചര്യത്തിലാണ് കേസില്‍ യുഎപിഎ ചുമത്തിയതെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.