പാനൂർ(കണ്ണൂർ): മീത്തലെ കുന്നോത്ത്പറമ്പിൽ കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടു. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.അശോകൻ മാസ്റ്റർ വായനശാലയും കോൺഗ്രസ് ഓഫീസായ രാജീവ് ഭവനുമാണ് അക്രമിസംഘം തീവെച്ചത്. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. ഓഫീസിലെ ഫർണിച്ചർ, കാരംസ് ബോർഡ്, കസേരകൾ, കൊടിതോരണങ്ങൾ, നോട്ടീസുകൾ തുടങ്ങി മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.
ചുമരിൽ തീ പടർന്ന് അടർന്ന് വീണിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് കൺട്രോൾ റൂമിലെ പോലീസുകാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഓഫീസിന് സമീപത്തെ കോൺക്രീറ്റിൽ സ്ഥാപിച്ച ഇരുമ്പിന്റെ കൊടിമരം കെട്ടിവലിച്ച് നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
ഏതാനും മീറ്ററുകൾ അകലെ പോലീസ് ക്യാമ്പ് ചെയ്യവേയാണ് അക്രമമുണ്ടായത്.ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്ത് സ്ഥാപിച്ച കൊടിമരം നശിപ്പിച്ചിരുന്നു. കൂടാതെ ഒരാഴ്ച മുമ്പ് ഈ പ്രദേശത്തെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവവുമുണ്ടായിരുന്നു. നശിപ്പിച്ച കൊടിമരത്തിന് പകരമായി കഴിഞ്ഞ ദിവസം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പുതിയ കൊടിമരം സ്ഥാപിച്ചിരുന്നു.
ആ കൊടിമരമാണ് ഇന്ന് പുലർച്ചെ വീണ്ടും നശിപ്പിക്കാൻ ശ്രമം നടന്നത്.ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഭീഷണിയും നിലവിലുണ്ട്.ഇതു സംബന്ധിച്ച് പ്രദേശത്തെ കോൺഗ്രസ് നേതൃത്വം കൊളവല്ലൂർ പോലീസിൽ നിരവധി പരാതി നൽകിയതിനെ തുടർന്ന് പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗും കാവലും ഏർപ്പെടുത്തിയിരുന്നു.
അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.അക്രമികൾക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പോലീസ് കർശന നടപടി എടുക്കാത്തതാണ് അക്രമികൾക്ക് അക്രമം തുടരാൻ ധൈര്യം പകരുന്നതെന്നും ഓഫീസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും ഡിസിസി സിക്രട്ടറി കെ.പി.സാജു പ്രസ്താവനയിൽ പറഞ്ഞു.
ഡിസിസി സെക്രട്ടറി സന്തോഷ് കണ്ണംവള്ളിയും പ്രതിഷേധിച്ചു.കോൺഗ്രസ് ഓഫീസിന് തീവച്ച സംഭവുമായി ബന്ധമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. അക്രമികൾ തീവച്ച ഓഫീസ് സിപിഎം പ്രാദേശിക നേതാവ് രാജേഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ സന്ദർശിച്ചു.
ു