തൊടുപുഴ: തലയിൽ തീ കത്തിച്ചും തലമുടി വെട്ടാനുള്ള സംവിധാനം ഇടുക്കി ജില്ലയിൽ ആദ്യമായി തൊടുപുഴയിൽ. തൊടുപുഴയിലെ ഹലോ ഹെൽത്ത് ആൻഡ് ബ്യൂട്ടിയിലാണ് വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള നവീന മുടി മുറിക്കൽ സംവിധാനമായ ഫയർ കട്ടിംഗ് എത്തിയത്.
ന്യൂജൻ യുവാക്കൾക്കിടയിൽ ഹരമായി മാറുന്ന ഫയർ കട്ടിംഗ് കേരളത്തിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമേ പ്രചാരത്തിലെത്തിയിട്ടുള്ളു. ഒരാഴ്ചയോളമായി സ്ഥാപനത്തിൽ ഫയർ കട്ടിംഗ് ആരംഭിച്ചെങ്കിലും പലരും ഇപ്പോഴും ഭയത്തോടെയാണ് ഈ രീതിയിലുള്ള മുടി മുറിക്കലിന് എത്തുന്നതെന്ന് സ്ഥാപന ഉടമ പി.എസ്.രാഹുൽ പറയുന്നു.
എന്നാൽ തലയ്ക്കോ മുടിക്കോ യാതൊരു വിധത്തിലും ഹാനികരമാകാത്ത വിധത്തിലാണ് ഫയർ കട്ടിംഗ് ചെയ്യുന്നത്. തല പൊള്ളുമെന്ന് പേടിക്കുകയേ വേണ്ട. തലയിൽ അൽപം മുടി കൂടുതലുള്ളവർക്കാണ് സംഭവം പ്രയോജനപ്പെടുക. ഉള്ളിലുള്ള മുടി കൃത്യമായി മുറിച്ചു മാറ്റാൻ കഴിയും. തലമുടിയിൽ ആദ്യം ലോഷൻ പുരട്ടിയതിനു ശേഷം ലാന്പിൽ നിന്നും പുറത്തേക്കു വരുന്ന തീ ഉപയോഗിച്ച് മുടി മുറിച്ചു നീക്കുകയാണ് ചെയ്യുന്നത്.
സംഗതി ക്ലിക്കായതോടെ ഒട്ടേറെ യുവാക്കളാണ് രാഹുലിന്റെ സ്ഥാപനത്തെ തേടി എത്തുന്നത്. പലരും യുട്യൂബിൽ നിന്നും കണ്ടു മനസിലാക്കിയതോടെയാണ് ഫയർ കട്ടിംഗിനെത്തുന്നത്. ഡൽഹിയിലെ സ്ഥാപനത്തിൽ നിന്നും പ്രത്യേകം പരിശീലനം നേടിയാണ് രാഹുൽ ഫയർകട്ടിംഗ് ചെയ്യുന്നത്.