പത്തനാപുരം: ജനതാ ജംഗ്ഷനു സമീപത്തെ സ്വകാര്യകെട്ടിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സമീപ പ്രദേശങ്ങളിൽ കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തും. വെയർഹൗസ് ഗോഡൗണ്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്ത് കത്തികരിഞ്ഞ നിലയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് .
ഗോഡൗണ്‍ ജോലിക്കാരാണ് കത്തികരിഞ്ഞ അവശിഷ്ടങ്ങൾ കാണുന്നത്.ഇവർ പത്തനാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹം മനുഷ്യന്റേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.തലയോടൊഴികെ ബാക്കിയെല്ലാം ചെറിയ എല്ലിൻ കഷണങ്ങൾ മാത്രമാണ്.തുടർന്ന് വൈകുന്നേരത്തോടെ ബയോ വിദഗ്ധനും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.
തുടർന്നാണ് മനുഷ്യന്റെതാണെന്ന നിഗമനത്തിൽ എത്തിയത്.ഇന്ന് ഫോറൻസിക് മെഡിക്കൽ സംഘം പരിശോധനയ്ക്കായി എത്തുന്നുണ്ട്.ഇവരുടെ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.കൊല്ലപ്പെട്ടത് പുരുഷനോ,സ്ത്രീയോ,പ്രായം എത്ര എന്നതിനെപ്പറ്റിയുള്ള വ്യക്തത ഇതിന് ശേഷമേ ലഭിക്കൂ.
മൃതദേഹം ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാകാം എന്ന സംശയത്തെ തുടർന്ന് സമീപത്തെ ക്രിസ്ത്യൻ ദേവാലയത്തിന്റെ സെമിത്തേരിയിലും പോലീസ് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.പുനലൂർ എ.എസ്.പി കാർത്തികേയൻ ഗോകുൽചന്ദ്,പത്തനാപുരം സി.ഐ നന്ദകുമാർ,എസ്.ഐ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.