തൃശൂരിൽ മിനിലോറിയിൽ കോഴിക്കച്ചവടക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത അന്വേഷിച്ച് പോലീസ്മറ്റം (തൃശൂർ): നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കോഴിക്കച്ചവടക്കാരനായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. ചിറ്റാട്ടുകര കാക്കശേരി പാന്പുങ്ങൾ ലിനേഷിന്റേതാണ് (42) മൃതദേഹമെന്ന് കരുതുന്നു. ഇന്നുപുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഗുരുവായൂർ – മറ്റം റോഡിൽ സ്വകാര്യ ഹോളോ ബ്രിക്സ് കന്പനിയുടെ പറന്പിൽ നാളുകളായി പാർക്ക്ചെയ്തിരുന്ന ലോറിയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇന്നു പുലർച്ചെ മൂന്നുമണിയോടെ ലോറി കത്തുന്നത് കണ്ട ഹോളോ ബ്രിക്സ് കന്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഗുരുവായൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ലോറിയിലെ തീയണച്ചതിനുശേഷം ലോറി പരിശോധിച്ചപ്പോഴാണ് ലോറിയുടെ അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ലിനേഷിന്റേതാണ് ഫോറൻസിക് പരിശോധനയ്ക്കുശേഷമേ ഉറപ്പുവരുത്തുകയുള്ളൂ.
കത്തിക്കരിഞ്ഞ ലോറിക്കു സമീപം ഇയാളുടേതെന്ന് കരുതുന്ന ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെ ത്തിയിട്ടുണ്ട്.
വർഷങ്ങളായി കോഴിക്കച്ചവടത്തിലെ പാർട്ട്ണറാണ് ലിനേഷ്. സാന്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തതാണോ, വണ്ടിയിൽ രാത്രിയിൽ ഉറങ്ങുന്പോൾ ഷോർട്ട് സർക്യൂട്ട് ആയതാണോ, മറ്റെന്തെങ്കിലും ദുരൂഹതയാണോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്നലെ അർധരാത്രിയിൽ ഇയാൾ വീട്ടിൽ നിന്ന് പുറത്തുപോയിരുന്നതായി പറയുന്നു.