കോട്ടയം: ഒറ്റയ്ക്കു താമസിക്കുന്ന വയോധിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ. മണർകാട് ആമലക്കുന്നിൽ കാഞ്ഞിരത്തിങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. സമീപവാസികൾ വീടിനുള്ളിൽനിന്നു തീ പടരുന്നതുകണ്ട് എത്തിയപ്പോഴേക്കും തങ്കമ്മ കിടന്നിരുന്ന മുറി കത്തിനശിച്ചിരുന്നു.
വീട് അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ ഉള്ളിലേക്കു കയറി തീയണക്കാൻ സാധിച്ചില്ല. സമീപത്തുതാമസിക്കുന്ന മകനും നാട്ടുകാരും ജനലിലൂടെ വെള്ളം അകത്തേക്ക് ഒഴിച്ചാണ് തീ അണച്ചത്. കതക് തകർത്ത് അകത്തു പ്രവേശിച്ചെങ്കിലും തങ്കമ്മയെ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.