കൊച്ചി: വാക്കുതർക്കത്തെതുടർന്നു ഭർത്താവിനെ ഭയപ്പെടുത്താനാണെന്നു പറയുന്നു, വാടകവീടിനുള്ളിൽ ദേഹത്തു പെട്രോളൊഴിച്ച യുവതി വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിൽനിന്ന് പോലീസ് വിവരങ്ങൾ ആരായും. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത പാലാരിവട്ടം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
തമ്മനം പൊന്നുരുന്നിയിൽ വാടകയ്ക്കു താമസിക്കുന്ന കള്ളിക്കാട്ട് വീട്ടിൽ സേതുവിന്റെ ഭാര്യ അർച്ചന(22)യാണ് അതിദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. ദേഹത്ത് പെട്രോളൊഴിച്ചശേഷം തീപ്പെട്ടിയുരച്ച് കൈയിലിരുന്ന തുണി കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
തീപിടിക്കാനുണ്ടായ സാഹചര്യമെന്തെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് സേതുവിൽനിന്നും വിവരങ്ങൾ ആരായുക. എളമക്കര സ്വദേശിനിയായ യുവതിക്ക് ഒരു വയസുള്ള കുട്ടിയുണ്ട്. പൊന്നുരുന്നിയിലുള്ള രണ്ടുനില വീടിന്റെ മുകൾ നിലയിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്.
ഇതിൽ ഒരു മുറിയിലാണു തീപിടിത്തമുണ്ടായത്. മുറി പൂർണമായി കത്തി നശിച്ചനിലയിലാണ്. ജനറേറ്ററിൽ ഒഴിക്കാനായി കന്നാസിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നു. ഇതാണു യുവതി ദേഹത്തൊഴിച്ചതെന്നു കരുതുന്നതായും പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ഗാന്ധിനഗറിൽനിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. പിന്നീട് പാലാരിവട്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.