പാരിപ്പള്ളി(കൊല്ലം): അക്ഷയ കേന്ദ്രത്തിൽ കയറി യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി.
തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനിയും പാരിപ്പള്ളി കിഴക്കനേല കെട്ടിടം മുക്കിന് സമീപം വാടകയ്ക്ക് താമസക്കാരിയുമായ നദീറയാണ് പൊള്ളലേറ്റ് മരിച്ചത്.
കൊല നടത്തിയശേഷം നദീറയുടെ ഭർത്താവ് റഹീം സ്വയം കഴുത്തറുക്കുകയും തൊട്ടടുത്തുള്ള ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിക്കുകയുമായിരുന്നു.
പാരിപ്പള്ളി-പരവൂർ റോഡിൽ പാരിപ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രാവിലെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുമ്പോഴായിരുന്നു റഹിം എത്തിയത്.
നദീറ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സംഭവസമയത്ത് നദീറയെ കൂടാതെ മറ്റൊരു ജീവനക്കാരി മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. സ്ഥാപനത്തിൽ കയറി കൈവശമുണ്ടായിരുന്ന പെട്രോൾ നദീറയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
നിലവിളിയും ബഹളവും കേട്ട് പരിസരത്തുണ്ടായിരുന്നവർ എത്തിയപ്പോഴേയ്ക്കും റഹീം കൈ ഞരമ്പുകൾ മുറിച്ചശേഷം അവിടെനിന്നു പുറത്തേക്ക് ഓടി.
അക്ഷയ കേന്ദ്രത്തിന് സമീപം തന്നെയുള്ള ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. റഹിം ഓടിപ്പോയ വഴിയിൽ ചോരത്തുള്ളികൾ വീണു കിടക്കുന്നുണ്ട്.
യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ വിവരം അറിഞ്ഞ് പാരിപ്പള്ളി എസ്എച്ച്ഒ ദിപുവിന്റെ നേതൃത്വത്തിൽ പോലീസ് എത്തി നടപടികൾ സ്വീകരിക്കുമ്പോഴാണ് റഹിം കിണറ്റിൽ ചാടിയ വിവരം അറിയുന്നത്. കല്ലമ്പത്തുനിന്നു ഫയർഫോഴ്സ് എത്തി റഹിമിന്റെ മൃതദേഹം പുറത്തെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന നിഗമനത്തിലാണ് പോലീസ്. പള്ളിക്കൽ താമസിക്കുമ്പോൾ ഇരുവരും തമ്മിൽ വഴക്കും നദീറയ്ക്ക് ക്രൂരമായ മർദനവും പതിവായിരുന്നു എന്ന് പറയുന്നു.
റഹീമിന്റെ സംശയരോഗമാണ് വഴക്കിനു കാരണമെന്നും പോലീസ് പറയുന്നു.നേരത്തെ നദീറയുടെ പരാതിയെ തുടർന്ന് പള്ളിക്കൽ പോലീസ് റഹീമിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കുകയും റഹിം ജയിലിലാവുകയും ചെയ്തു.
തൊട്ടടുത്ത ദിവസമാണ് റഹിം ജയിൽ മോചിതനായി തിരിച്ചെത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാരിപ്പള്ളി പോലീസ് കേസെടുത്തു.