മൂവാറ്റുപുഴ: രാത്രിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗൃഹനാഥൻ മരിച്ചു. മാറാടി എയ്ഞ്ചൽ വോയ്സ് ജംഗ്ഷൻ ആനിപ്പറത്താഴത്തിന് സമീപം പുലിയേലിവയലിൽ കൃഷ്ണൻകുട്ടി(50) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെ ആണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തിനശിച്ചു.
സംഭവ സമയം കൃഷ്ണൻകുട്ടിയുടെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. വളർത്ത് നായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചത്തു. വീടിനുള്ളിൽ കെട്ടിയിട്ടിരുന്ന നായയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് കൃഷ്ണൻകുട്ടിക്ക് പൊള്ളലേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തം എങ്ങനെ ഉണ്ടായിയെന്നതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണന്ന് പോലീസ് പറഞ്ഞു.
വീട്ടിൽ തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാഗങ്ങളും നാട്ടുകാരും ചേർന്ന് കൃഷ്ണൻകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.