കോട്ടയം: പിണങ്ങിക്കഴിഞ്ഞിരുന്ന ഭർത്താവ് ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച വാകത്താനം കോട്ടപ്പുറം വീട്ടിൽ സണ്ണി എന്നു വിളിക്കുന്ന മാത്യു (48)വിന്റ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. അഞ്ചു പേജിൽ തയാറാക്കിയ കുറിപ്പ് മാത്യുവിന്റെ വീട്ടിൽ നിന്നാണ് പോലീസിന് ലഭിച്ചത്. ഭർത്താവിനെ കബളിപ്പിച്ച് ഭാര്യ പണം അടിച്ചു മാറ്റിയെന്നാണ് കത്തിലെ പ്രധാന ആരോപണം. താഴത്തങ്ങാടിയിലെ വീട് വിറ്റ് ലഭിച്ച 50 ലക്ഷം രൂപയിൽ നിന്ന് ഭാര്യ പണം അടിച്ചു മാറ്റിയെന്ന് കത്തിൽ വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.
ഭാര്യയുമായുള്ള വഴക്കിന്റെ കാര്യങ്ങളും കത്തിൽ പറയുന്നുണ്ട്. മരിക്കാൻ തയാറായാണ് വന്നതെങ്കിലും ഭാര്യയെക്കൂടി കൊല്ലാനുള്ള തയാറെടുപ്പിലായിരുന്നുവെന്നാണ് കരുതുന്നത്. ഭർത്താവുമായി രണ്ടു വർഷമായി പിണങ്ങി മണർകാട് കുറ്റിയക്കുന്നിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു മാത്യുവിന്റെ ഭാര്യ മിനിയും കുട്ടികളും. ഇവർ തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ നിന്നിറങ്ങുന്പോൾ തന്നെ മാത്യു വധഭീഷണി മുഴക്കിയിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് മാത്യു കുറ്റിയക്കുന്നിൽ എത്തിയത്.
ബൈക്ക് പുറത്തു വച്ചശേഷം വീടിന്റെ ടെറസിൽ കയറി ഒരു തടി കഷണം കൈക്കലാക്കി വീടിന്റെ മുൻവാതിൽ തല്ലിത്തകർക്ക് അകത്തുകയറി. ശബ്ദം കേട്ട് മിനിയും കുട്ടികളും മുറിക്കുള്ളിൽ കയറി കതകടച്ചു. എന്നാൽ ഇവരുടെ മുറിയുടെ കതകും തല്ലിപ്പൊളിക്കാൻ ശ്രമം നടത്തി. മിനിയും കുട്ടികളും ചേർന്ന് കതകിൽ തള്ളിപ്പിടിച്ചതുകൊണ്ടാണ് കതക് തല്ലിത്തുറക്കാൻ സാധിക്കാതിരുന്നത്.
ഭാര്യയുടെ മേലും പെട്രോൾ ഒഴിച്ച് തീവയ്ക്കാനായിരുന്നു ഉദേശമെന്നാണ് പോലീസ് കരുതുന്നത്. അടുത്ത നാളിൽ എസ്എംഇ വിദ്യാർഥിയുടെ മേൽ പെട്രോൾ ഒഴിച്ച് കെട്ടിപ്പിടിച്ച് ഇരുവരും വെന്തുമരിച്ച സംഭവം പോലെ ഭാര്യയുടെ മേൽ പെട്രോൾ ഒഴിച്ച് തീവയ്ക്കാനായിരുന്നു മാത്യുവും ഉദേശിച്ചിരുന്നത്. ഭാര്യയെ മാത്രം കൊല്ലുകയായിരുന്നു ഉദേശ്യം.
അതല്ലായിരുന്നുവെങ്കിൽ ജനൽച്ചില്ല് പൊട്ടിച്ച് പെട്രോൾ ഒഴിച്ച് തീ വയ്ക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കുട്ടികൾക്കും അപായമുണ്ടാകുമായിരുന്നു. അത് ചെയ്യാതിരുന്നതിനാൽ ഭാര്യയെ മാത്രം കൊല്ലുക എന്നതായിരുന്നു മാത്യുവിന്റെ ഉദേശമെന്ന് കരുതുന്നു. മിനി വിളിച്ചതനുസരിച്ച് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മാത്യു കത്തിക്കരിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പൊള്ളലേററുള്ള മരണമാണെന്ന് വ്യക്തമായിട്ടുണ്ട്. പാന്പാടി സിഐ സാജു വർഗീസ്, മണർകാട് എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.