റാന്നി: ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭർത്താവ് സ്വയം തീ കൊളുത്തി മരിച്ചു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളജിൽ പ്രവേഷിപ്പിച്ച ഭാര്യ രാത്രി 10.30ഓടെ മരിച്ചു. റാന്നി – വൈക്കം തെക്കേപ്പുറം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 12.30നാണ് സംഭവം.
റാന്നി – മന്ദിരം ഉഴത്തിൽ വടക്കേതിൽ മോഹനനും (49) ഭാര്യ ഓമന (45)യുമാണ് മരിച്ചത്. സാന്പത്തിക പ്രതിസന്ധിയാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. അടുത്ത സമയത്ത് കുടുംബപ്രശ്നങ്ങളേ തുടർന്ന് ഇവർ പിണങ്ങി രണ്ടു വീടുകളിലായാണ് കഴിഞ്ഞുവന്നിരുന്നതെന്നു പറയുന്നു. ഓമന സമീപത്തെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്തുവരികയാണ്.
ഇന്നലെ ഉച്ചയോടെ ഓമന ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ നിർബന്ധമായി മോഹനൻ വിളിച്ചു കൊണ്ടുപോരികയായിരുന്നുവെന്നു പറയുന്നു. പഞ്ചായത്ത് റോഡിലെത്തിയപ്പോൾ ഇയാൾ ജാറിൽ ഒളിപ്പിച്ചുവച്ചിരുന്ന പെട്രോളെടുത്ത് ആദ്യം ഭാര്യയെയും പിന്നീട് സ്വന്തം ശരീരത്തിലും ഒഴിച്ചു തീ കൊളുത്തി. സംഭവം കണ്ട നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.
ഫയർഫോഴ്സെത്തി തീ അണച്ച് കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. മെഡിക്കൽ കോളജിലെത്തിച്ച മോഹനൻ വൈകുന്നേരത്തോടെ മരിച്ചു. പോലീസെത്തി ഓമനയുടെ മൊഴി രേഖപ്പെടുത്തി. രണ്ട് മക്കളുണ്ട്.