കൊച്ചി: നവവധു വാടകവീട്ടിൽ ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത അന്വേഷിച്ച് പോലീസ്. തൈക്കൂടം ബണ്ട് റോഡിൽ സ്വാധി നിവാസിൽ വാടകയ്ക്കു താമസിക്കുന്ന തൂത്തുക്കുടി സ്വദേശിയായ നിത്യ (19) മരിച്ച സംഭവത്തിൽ ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഭർത്താവ് മാരിയപ്പനെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് നാലരയോടെയാണു നിത്യ തീകൊളുത്തി മരിച്ചത്. ഒരു വർഷമായി ഇതേ വീട്ടിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്ന പച്ചക്കറി കച്ചവടക്കാരനായ മാരിയപ്പൻ മൂന്നു മാസം മുന്പാണ് നിത്യയെ വിവാഹം ചെയ്തത്. യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മാരിയപ്പനെ ചോദ്യം ചെയ്തുവെന്നും ഇയാൾ പോലീസ് നിരീക്ഷണത്തിലാണെന്നും മരട് എസ്ഐ സുജാതൻ പിള്ള പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ആർഡിഒയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 15 വർഷത്തോളമായി വിവിധ ജോലികൾ ചെയ്തു കൊച്ചിയിൽ സ്ഥിരതാമസമായിരുന്നു മാരിയപ്പൻ. മരണത്തിനു പിന്നിലുള്ള പ്രേരണ സംബന്ധിച്ചാണ് അന്വേഷിക്കുന്നതെന്നും കൂടുതൽ അന്വേഷണത്തിനുശേഷമേ ദുരൂഹത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകൂവെന്നും അധികൃതർ വ്യക്തമാക്കി. സാന്പത്തിക ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.