തലശേരി: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ വെച്ച് യുവതിയെ ഡീസലൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിച്ചു. കോഴിക്കോട് സ്വദേശിനിയായ പാത്തു (35) കൊല്ലപ്പെട്ട സംഭവത്തിലാണ് സംഭവ സമയത്ത് കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുനിസിഫ് കെ.കൃഷ്ണകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ ഇന്നലെ വിസ്തരിച്ചത്.
മംഗലാപുരത്തേക്ക് വിളിച്ചിട്ട് വരാത്തതിന്റെ ദേഷ്യത്താല്‍ പാത്തുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത് താനാണെന്നും കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതി തനിക്ക് മൊഴി നല്‍കിയതായി മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞു. ജയിലില്‍ നിന്നെത്തി പ്രേരണയൊന്നുമില്ലാതെയാണ് പ്രതി മൊഴി നല്‍കിയത്. പ്രതി നല്കുന്ന മൊഴി പ്രതിക്ക് കേസില്‍ എതിരാകുന്ന കാര്യവും പ്രതിയെ ബോധിപ്പിച്ചിരുന്നു.
എന്നിട്ടും പ്രതി കുറ്റസമ്മത മൊഴി നല്‍കുകയായിരുന്നുവെന്ന് മജിസ്ട്രേറ്റ് കോടതിയോട് പറഞ്ഞു. അപൂര്‍വം കേസുകളിലാണ് ഇത്തരത്തില്‍ പ്രതി മജിസ്ട്രേറ്റിനു മുമ്പാകെ കുറ്റ സമ്മത മൊഴി നല്‍കാറ്. 63-ാ മത്തെ സാക്ഷിയായിട്ടാണ് മജിസ്ട്രേറ്റിനെ ഇന്നലെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രനാണ് ഹാജരായത്.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനുള്‍പ്പെടെ 45 സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2014 ഒക്ടോബര്‍ 20 ന് പുലർച്ചെ 4.30 നാണ് കേസിനാസ്പദമായ സംഭവം.തമിഴ്നാട് സ്വദേശി സുരേഷ് കണ്ണനാണ്(29) കേസിലെ പ്രതി. 2015 ജനുവരി 23 സിഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.