ചേർത്തല: സ്വത്തു തർക്കത്തെത്തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം കുടുംബ വീട്ടിലേക്ക് ഓടിക്കയറിയ ഗൃഹനാഥൻ മരിച്ചു. പെരുന്പളം സ്വദേശി ഷാജി (52) ആണ് മരിച്ചത്. സംഭവത്തിൽ ഷാജിയുടെ സഹോദരനും ഭാര്യയ്ക്കും പൊള്ളലേറ്റു. നഗരസഭ 30-ാം വാർഡ് ചുടുകാടിന് സമീപം പള്ളിപ്പറന്പിൽ സജി (46), ഭാര്യ സുജ (40) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
പെരുന്പളത്ത് താമസിക്കുന്ന സഹോദരൻ ഷാജി കുടുംബ വീടിന് മുന്നിലെത്തി കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സജി, ഭാര്യ സുജ എന്നിവർക്കു പൊള്ളലേറ്റത്.
മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാജി ഇന്നു പുലർച്ചെ 5.30 ഓടെ മരിച്ചു. സജിയെയും സുജയെയും തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ സുജയുടെ പരിക്ക് ഗുരുതരമാണ്.