കൊച്ചി: എറണാകുളം മരടിൽ വൃദ്ധയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മരട് മംഗലപ്പള്ളി ശാരദ (76)യെയാണ് ഇന്ന് പുലർച്ചെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇവർ ചികിത്സയിലായിരുന്നു. മരുന്നു കഴിച്ച് രോഗം ഭേദമാകാത്തതിനെ തുടർന്നു ഡോക്ടർ ശസ്ത്രക്രിയ നിശ്ചയിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ശാരദ എന്ന് പോലീസ് പറഞ്ഞു.
ഇവർക്കു മൂന്നു മക്കളാണുള്ളത്. സമീപത്ത് മകൻ താമസിക്കുന്നുണ്ടെങ്കിലും ഇവർ തറവാട്ട് വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രി മകന്റെ വീട്ടിലായിരുന്നു കിടന്നിരുന്നത്.
പുലർച്ചെ അവിടെ നിന്നും പോയി സ്വന്തം വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നു മരട് പോലീസ് പറഞ്ഞു.