ഗാന്ധിനഗർ: ഒരു കുട്ടിയുടെ പിതാവ് ആയിരുന്ന യുവാവുമായി പ്രണയത്തിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കി. ചേർത്തല അരൂക്കുറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 17കാരിയാണ് ജീവനൊടുക്കിയത്.
പോലീസ് പറയുന്നതിങ്ങനെ: പത്താം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വിവാഹം കഴിക്കാമെന്ന് യുവാവ് പെണ്‍കുട്ടിക്ക് വാക്ക് കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷ കഴിഞ്ഞ ഉടൻ പെണ്‍കുട്ടി വിവാഹ അഭ്യർഥന നടത്തി.
തുടർന്ന് യുവാവിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നത് പെൺകുട്ടിയുടെ മാതാവ് കണ്ടു. യുവാവ് വിവാഹ വാഗ്ദാനം ലംഘിക്കുകയും മാതാവ് ശകാരിക്കുകയും ചെയ്ത മനോവേദനയിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
90 ശതമാനം പൊള്ളലേറ്റ 17കാരിയെ ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.എന്നാൽ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ താൻ തനിയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതാണെന്ന് പറഞ്ഞിട്ടുള്ളതിനാൽ പെണ്‍കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം യുവാവിനെ വിളിച്ചു വരുത്തി തുടർ നടപടി സ്വീകരിക്കുമെന്ന് എസ്ഐ. കെ.എസ്.സാജൻ അറിയിച്ചു.