മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഗവേഷണവിദ്യാർഥി സ്വയം തീകൊളുത്തിയശേഷം സഹപാഠിയായ വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു.
ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥിയായ ഗജാനൻ മുണ്ടെയാണ് (30) തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ (28) കെട്ടിപ്പിടിച്ചത്.
ഇരുവരും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമാണ്. പൂജ സാൽവേക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പർഭണി സ്വദേശിയാണ് ഗജാനൻ മുണ്ടെ.
ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പ്രഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. പ്രഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.
വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി.
എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.