മാവേലിക്കര: പട്ടാപ്പകൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തൽ. അജാസിൽനിന്ന് അമ്മയ്ക്കു ഭീഷണി ഉണ്ടായിരുന്നെന്നു സൗമ്യയുടെ മകൻ പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോടു പറയണെന്ന് അമ്മ പറഞ്ഞിരുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാന്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. വിളിക്കരുതെന്നു പറഞ്ഞ് അമ്മ അജാസിനോടു ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും സൗമ്യയുടെ മകൻ പറയുന്നു.
ആലപ്പുഴ വള്ളികുന്നം സ്വദേശി സജീവിന്റെ ഭാര്യയും വള്ളികുന്നം സ്റ്റേഷനിലെ സിപിഒയുമായ സൗമ്യയെയാണ് പട്ടാപ്പകൽ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആലുവ ട്രാഫിക് വിഭാഗം പോലീസ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാട് വാഴക്കാല നെയ്വേലി വീട്ടിൽ അജാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നാലിനു വള്ളികുന്നം നാലുവിള ജംഗ്ഷനിൽ സൗമ്യയുടെ വീടിനു സമീപമായിരുന്നു സംഭവം. എസ്പിസി ക്യാന്പും പിഎസ്സി പരീക്ഷയും കഴിഞ്ഞു വീട്ടിലെത്തി സ്കൂട്ടറിൽ പുറത്തേക്കിറങ്ങുന്പോൾ കാറിലെത്തിയ അക്രമി സ്കൂട്ടർ ഇടിച്ചിടുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൗമ്യയെ വടിവാളിനു വെട്ടി വീഴ്ത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.
നാട്ടുകാരാണ് അക്രമിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അജാസിനെ പോലീസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗമ്യയുടെ ഭർത്താവ് സജീവ് മൂന്നാഴ്ച മുന്പായിരുന്നു സൗദിയിലെ ജോലിസ്ഥലത്തേക്കു തിരിച്ചുപോയത്.