അന്പലപ്പുഴ: അന്പലപ്പുഴയിൽ ദന്പതികൾക്ക് പൊള്ളലേൽക്കുന്ന സമയം സുരേഷ് ഭക്തവത്സലൻ മറ്റൊരു മൊബൈൽ ടവർ പരിധിയിലെന്ന് പോലീസിന് വിവരം ലഭിച്ചു. മരണ മൊഴിയും സാഹചര്യതെളിവുകളും വേണുവിന്റെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പോലീസിന് തലവേദനയാകുന്നു. ശാസ്ത്രീയ രീതിയിൽ തെളിവെടുത്ത് അറസ്റ്റു രേഖപ്പെടുത്താൻ കാത്തിരുന്ന പോലീസിന് മൊബൈൽ ടവർ ലൊക്കേഷൻ ഒരു പിടിവള്ളിയായി.
ഇന്നലെ അന്പലപ്പുഴ എസ് ഐ പ്രജീഷ് കുമാറും സംഘവും മരണപ്പെട്ട വേണുവിന്റെ ഇടുക്കിയിലുള്ള വസതിയിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് തെളിവെടുത്തു. വേണുവിന്റെ വീടും സ്ഥലവും ജപ്തി ഭീഷണി നേരിടുകയാണെന്നും സാന്പത്തിമായി ആകെ തകർന്ന നിലയിലാണ് വേണുവെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മരണ മൊഴിയിൽ വേണു പറഞ്ഞത് ചിട്ടി ഉടമ സുരേഷും ഭാര്യയും മകനും ചേർന്ന് തങ്ങളുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നാണ്. തങ്ങൾക്ക് മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ ചിട്ടിയിനത്തിൽ തരാനുണ്ടെന്നും തങ്ങളെ സുരേഷ് കബളിപ്പിക്കുകയായിരുന്നെന്നുമാണ്. എന്നാൽ സംഭവ സമയം വേണവും ഭാര്യയും കാറ്ററിംഗ് സംബന്ധമായി മറ്റൊരു സ്ഥലത്തായിരുന്നു എന്നാണ് പോലീസിനു കിട്ടിയ മൊഴികൾ. അയൽവാസികളായ ചില സ്ത്രീകളും ഒരു യുവാവും മൊഴി നൽകിയിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ സുരേഷ് പോലീസിനോടു പറഞ്ഞത് ദന്പതികൾക്ക് പൊള്ളലേറ്റസമയം താൻ വീട്ടിലില്ലായിരുന്നു, ഫോണിൽ വിവരമറിഞ്ഞ് താൻ എത്തുകയായിരുവെന്നാണ്. ഇന്ന് സുരേഷിന്റെ അറസ്റ്റു രേഖപ്പെടുത്തുമെന്നും കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. 10 വർഷം വരെ തടവുലഭിക്കാവുന്ന ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റു രേഖപ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു.